യു എ ഇ: അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള കമ്പനികളുടെ സമയപരിധി ജൂലൈ 7-ന് അവസാനിക്കും

GCC News

അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലാ കമ്പനികളുടെ അർദ്ധ വാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള സമയപരിധി ഇന്ന് (2023 ജൂലൈ 7, വെള്ളിയാഴ്ച) അവസാനിക്കുമെന്ന് യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു. 2023 ജൂലൈ 6-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2023 ജൂലൈ 8 മുതൽ, ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ അനുശാസിക്കുന്ന എമിറേറ്റൈസേഷൻ ലക്ഷ്യങ്ങൾ കൈവരിക്കാത്ത കമ്പനികൾക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നതാണ്. 2023-ലെ ആദ്യ പകുതിയിൽ അനുശാസിക്കുന്ന 1% അർദ്ധവാർഷിക എമിറേറ്റൈസേഷൻ ലക്ഷ്യം കൈവരിക്കാത്ത കമ്പനികൾക്ക് 2023 ജൂലൈ 8 മുതൽ, ഇത്തരം കമ്പനികളിൽ നിയമിക്കപ്പെടാത്ത ഓരോ എമിറാറ്റിക്കും 42,000 ദിർഹം വെച്ച് പിഴ ഈടാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ സ്വദേശിവത്കരണത്തിന്റെ തോത് സംബന്ധിച്ച ഈ അർദ്ധ വാർഷിക ലക്ഷ്യം കൈവരിക്കുന്നതിന് 2023 ജൂൺ 30 ആയിരുന്നു MoHRE അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നത്.

ജൂണിലെ നാലാം ആഴ്ചയിൽ വരുന്ന ഈദ് അൽ അദ്ഹ അവധിദിനങ്ങൾ കണക്കിലെടുത്ത് പിന്നീട് ഈ തീയതി 2023 ജൂലൈ 7 വരെ നീട്ടിനൽക്കുകയായിരുന്നു.

WAM.