ഒമാൻ: ഒക്ടോബർ 1 മുതൽ സാധുതയുള്ള റെസിഡൻസി വിസകൾക്ക് പ്രവേശനം; സന്ദർശക വിസകൾ ഉൾപ്പടെയുള്ള തീരുമാനം പിന്നീട്

GCC News

പുതിയ വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈകൊള്ളുന്നതിനു മുൻപായി, നിലവിൽ സാധുതയുള്ള റെസിഡൻസി വിസക്കാർക്ക് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വ്യക്തമാക്കി. സാധുതയുള്ള വിസകളിലുള്ള പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച തീരുമാനം നടപ്പിലാക്കിയ ശേഷം പുതിയ വർക്ക് വിസ, ടൂറിസ്റ്റ് വിസ, വിസിറ്റ് വിസ എന്നിവ അനുവദിക്കുന്നത് സംബന്ധമായ തീരുമാനം നടപ്പിലാക്കുമെന്നും ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മിനിസ്റ്റർ H.E. എഞ്ചിനീയർ സൈദ് ബിൻ ഹമൗദ് അൽ മവാലി കൂട്ടിച്ചേർത്തു.

“നിലവിൽ പുതിയ സന്ദർശക വിസകളോ, ജോലി വിസകളോ ഒമാൻ അനുവദിക്കാൻ ആരംഭിച്ചിട്ടില്ല. ഇവ സംബന്ധിച്ച് സുപ്രീം കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്‌തിരുന്നു. എന്നാൽ വിമാനത്താവളങ്ങൾ തുറന്നു കൊടുക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ സാധുതയുള്ള റെസിഡൻസി വിസക്കാർക്ക് പ്രവേശനാനുമതി നൽകുന്നതിനുള്ള തീരുമാനമാണ് ഞങ്ങൾ കൈകൊണ്ടിട്ടുള്ളത്. ഇവരുടെ യാത്രകൾ വിശകലനം ചെയ്‌ത ശേഷം പുതിയ വിസകൾ അനുവദിക്കുന്നത് സംബന്ധമായ തീരുമാനങ്ങൾ സുപ്രീം കമ്മിറ്റി നടപ്പിലാക്കുന്നതാണ്.”, അൽ മവാലി വ്യക്തമാക്കി.

നിലവിൽ രാജ്യത്തിനു പുറത്തുള്ള സാധുതയുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ഒക്ടോബർ 1 മുതൽ ഒമാനിലേക്ക് തിരികെ പ്രവേശിക്കാൻ അനുവാദം നൽകാൻ തീരുമാനിച്ചതായി സെപ്റ്റംബർ 22-ന് സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. ഇതിനെത്തുടർന്ന് സാധുതയുള്ള റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്ക് ഒക്ടോബർ 1 മുതൽ ഒമാൻ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള മുൻ‌കൂർ അനുവാദം ഇല്ലാതെ ഒമാനിലേക്ക് പ്രവേശിക്കാമെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) വ്യക്തമാക്കിയിരുന്നു.

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ ഒക്ടോബർ 1 മുതൽ രാജ്യത്തിനകത്തേക്കും, പുറത്തേക്കും സഞ്ചരിക്കുന്നവർ പാലിക്കേണ്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) കഴിഞ്ഞ ദിവസം അറിയിപ്പ് പുറത്തിറക്കിയിരുന്നു.