കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രപുറപ്പെടുന്ന വിമാനങ്ങളിൽ, യാത്ര പുറപ്പെടുന്ന സമയത്തിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടയ്ക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) മുന്നറിയിപ്പ് നൽകി. ഈ സമയത്തിന് ശേഷമെത്തുന്ന യാത്രികർക്ക് ഡിപ്പാർച്ചർ ഗേറ്റുകളിലൂടെ വിമാനത്തിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും DGCA കൂട്ടിച്ചേർത്തു.
2022 ഫെബ്രുവരി 6-നാണ് കുവൈറ്റ് DGCA ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഈ നിബന്ധന ബാഗേജ് കൗണ്ടറുകളിൽ ബാഗേജ് ചെക്ക്-ഇൻ പൂർത്തിയാക്കിയ യാത്രികർക്കും ബാധകമാണെന്ന് DGCA വ്യക്തമാക്കിയിട്ടുണ്ട്. യാത്ര പുറപ്പെടുന്ന സമയത്തിന് 20 മിനിറ്റ് മുൻപായി ഡിപ്പാർച്ചർ ഗേറ്റുകൾ അടച്ച ശേഷം ഡിപ്പാർച്ചർ ഗേറ്റിലെത്തുന്ന ബാഗേജ് ചെക്ക്-ഇൻ പൂർത്തിയാക്കിയ യാത്രികരെയും യാത്രചെയ്യുന്നതിനായി വിമാനത്തിലേക്ക് പ്രവേശിക്കുന്നതിന് അനുവദിക്കില്ലെന്ന് ഈ അറിയിപ്പിലൂടെ DGCA ചൂണ്ടിക്കാട്ടിയിട്ടുണ്ട്.