എമിറേറ്റിലെ ജനന, മരണ സർട്ടിഫിക്കറ്റുകൾ സ്വകാര്യ ആരോഗ്യ പരിചരണകേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കുമെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇപ്പോൾ സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ വിപുലീകരിച്ചതായാണ് DHA അറിയിച്ചിരിക്കുന്നത്. നേരത്തെ ദുബായിലെ പൊതു മേഖലയിലെ ഒരു ഹോസ്പിറ്റലിൽ നിന്നാണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നത്.
നിലവിൽ HMS മിർദിഫ് ഹോസ്പിറ്റൽ, മെഡ്കെയർ ഹോസ്പിറ്റൽ ഫോർ വുമൺ ആൻഡ് ചിൽഡ്രൻ എന്നീ ഹോസ്പിറ്റലുകളിൽ നിന്ന് കൂടി ഈ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. സമീപ ഭാവിയിൽ സ്വകാര്യ മേഖലയിലെ കൂടുതൽ ആശുപത്രികളിൽ നിന്ന് കൂടി ഈ സേവനങ്ങൾ ലഭ്യമാക്കുമെന്നും DHA അറിയിച്ചിട്ടുണ്ട്.
അൽ ജദ്ദാഫിലെ DHA-യുടെ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രത്തിൽ നിന്നും ഈ സേവനം ലഭ്യമാണ്. ഇത്തരം സർട്ടിഫിക്കറ്റുകൾ പ്രിന്റ് രൂപത്തിലും, ഇ-സർട്ടിഫിക്കറ്റ് രൂപത്തിലും ലഭ്യമാക്കുന്നതാണ്. എമിറേറ്റിലെ ഹോസ്പിറ്റലുകളിൽ നിന്ന് ഈ സേവനം ലഭ്യമാക്കിയ സാഹചര്യത്തിൽ അൽ കരാമയിലെയും, അൽ റാഷിദിയയിലെയും മെഡിക്കൽ ഫിറ്റ്നസ് കേന്ദ്രങ്ങളിൽ നിന്നുള്ള ഈ സേവനം നിർത്തലാക്കിയിട്ടുണ്ട്.
WAM