ഒമാൻ: ദോഫാർ മലനിരകളിൽ അപൂർവ ഇനം സസ്‌തനിയെ കണ്ടെത്തി

Oman

ദോഫാർ ഷ്രൂ എന്ന അപൂർവ ഇനം സസ്‌തനിയെ ദോഫാറിലെ മൺസൂൺ മേഖലയ്ക്ക് പുറത്ത് ഇതാദ്യമായി കണ്ടെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ക്രോസിഡ്യൂറ ദോഫാറെൻസിസ്‌ (‘Crocidura Dhofarensis’) എന്ന വർഗ്ഗത്തിൽ പെടുന്ന ഈ അപൂർവ ഇനം സസ്‌തനിയെ സാധാരണയായി ഒമാനിലെ ദോഫാർ മേഖലയിൽ മാത്രമാണ് കണ്ടുവരുന്നത്. ദോഫാറിലെ മൺസൂൺ മഴ ലഭിക്കുന്ന മേഖലയിൽ ഈ ജീവിയെ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ പർവ്വതത്തിലാണ് ഇപ്പോൾ ഈ സസ്‌തനിയെ കണ്ടതായി റിപ്പോർട്ടുകൾ ലഭിക്കുന്നത്. ദോഫാർ ഗവർണറേറ്റിൽ മൺസൂൺ മഴ ലഭിക്കുന്ന നാല് പ്രദേശങ്ങളിൽ മാത്രമാണ് ഇതിന് മുൻപ് ഈ ജീവിയെ കണ്ടിട്ടുള്ളതെന്ന് എൻവിറോണ്മെന്റ് കൺസർവേഷൻ ഓഫീസ് ഡയറക്ടർ ഡോ. ഹാദി മുസല്ലം അൽ ഹെക്മനി വ്യക്തമാക്കി. മൺസൂൺ മേഖലയ്ക്ക് പുറത്ത് ജബൽ സംഹാനിൽ ഇതാദ്യമായാണ് ഇവയെ കാണുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ദോഫാർ ഗവർണറേറ്റിലെ ദൽകൗത് വിലായത്തിൽ ഖധ്രാഫി മേഖലയിൽ 1977-ലാണ് ഈ സസ്‌തനിയെ ആദ്യമായി കണ്ടെത്തിയതെന്ന് അദ്ദേഹം അറിയിച്ചു. മേഖലയിലെത്തന്നെ അത്യപൂർവ ജീവി വർഗ്ഗങ്ങളിലൊന്നും, കാര്യമായി അറിയപ്പെടാത്തതുമായ ക്രോസിഡ്യൂറ ദോഫാറെൻസിസ്‌ എന്ന ഇനത്തെ ഇപ്പോൾ ജബൽ സംഹാനിൽ കണ്ടെത്തിയത് പ്രധാനമായ ഒരു സംഭവമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സലാലയിലെ മൂന്നിടങ്ങളിലും, യെമനിലെ ഹഔഫ് പ്രദേശത്തും ഇവയെ അടുത്തിടെ കണ്ടതായുള്ള റിപ്പോർട്ടുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജൈവവൈവിദ്ധ്യം നിലനിർത്തുന്നതിൽ ഇത്തരം ചെറു സസ്‌തനികൾ വലിയ പ്രാധാന്യം വഹിക്കുന്നുണ്ട്. വംശനാശ ഭീഷണി നേരിടുന്ന അറേബ്യൻ പുള്ളിപ്പുലി ഉൾപ്പടെയുള്ള വലിയ ജീവികളുടെ ഇരകളിലൊന്നായ ഇത്തരം സസ്‌തനികളെക്കുറിച്ചുള്ള പഠനവും പ്രധാനമാണ്.

Oman News Agency.