ഒമാൻ: സൊഹാർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിച്ചു

Oman

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് ഏതാണ്ട് ഒരു വർഷത്തോളമായി അടച്ചിട്ടിരുന്ന സൊഹാർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാ സേവനങ്ങൾ പുനരാരംഭിച്ചതായി ഒമാൻ എയർപോർട്ട്സ് അറിയിച്ചു. ഓഗസ്റ്റ് 6-ന് വൈകീട്ടാണ് ഒമാൻ എയർപോർട്ട്സ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സലാം എയർ സൊഹാർ വിമാനത്താവളത്തിൽ നിന്ന് ഓഗസ്റ്റ് 6-ന് സലാലയിലേക്ക് സർവീസ് നടത്തിയിരുന്നു. സൊഹാറിൽ നിന്ന് സലാലയിലേക്ക് സലാം എയർ ആഴ്ച്ച തോറും 4 സർവീസുകൾ നടത്തുമെന്നും ഒമാൻ എയർപോർട്ട്സ് അറിയിച്ചിട്ടുണ്ട്.

ദോഫാർ ഗവർണറേറ്റിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം കണക്കിലെടുത്താണ് ഈ തീരുമാനം. നിലവിൽ വെള്ളി, ശനി, ഞായർ, ബുധൻ എന്നീ ദിവസങ്ങളിലാണ് സലാം എയർ സൊഹാറിൽ നിന്ന് സലാലയിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.

മൺസൂൺ (ഖരീഫ്) മഴക്കാലത്ത് സലാലയിൽ അനുഭവപ്പെടുന്ന സഞ്ചാരികളുടെ വലിയ തിരക്ക് കണക്കിലെടുത്ത് ദോഫർ ഗവർണറേറ്റിലെ ഹോട്ടലുകൾക്ക് പരമാവധി 75 ശതമാനം ശേഷിയിയിൽ പ്രവർത്തിക്കുന്നതിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.