നീരജ് ചോപ്രയിലൂടെ ടോക്യോ ഒളിംപിക്സിൽ ഇന്ത്യക്ക് ആദ്യ സ്വർണ്ണം; ഒളിംപിക്സ് അത്‌ലറ്റിക്‌സിൽ ഇന്ത്യയ്ക്ക് ചരിത്ര നിമിഷം

India News

പുരുഷന്മാരുടെ ജാവലിൻ ത്രോ മത്സരത്തിൽ നീരജ് ചോപ്രയിലൂടെ ടോക്യോ ഒളിംപിക്സിൽ ഇന്ത്യ ആദ്യ സ്വർണ്ണമെഡൽ കരസ്ഥമാക്കി. ഒളിംപിക്സ് അത്‌ലറ്റിക്‌സിന്റെ ചരിത്രത്തിൽ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.

ഇന്ത്യൻ കരസേനയിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസറായ നീരജ് ചോപ്ര 87.58 മീറ്റർ ദൂരമെറിഞ്ഞാണ് സ്വർണ്ണ മെഡൽ നേട്ടം കൈവരിച്ചത്. 86.67 മീറ്ററെറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള യാക്കൂബ് വാഡ്‌ലക്ക് വെള്ളി മെഡൽ നേടി. 85.44 മീറ്റർ ദൂരമെറിഞ്ഞ ചെക്ക് റിപ്പബ്ലിക്കിന്റെ തന്നെ വിറ്റെസ്ലാവ് വെസ്‌ലി വെങ്കലമെഡൽ കരസ്ഥമാക്കി.

ഒരു ഇന്ത്യക്കാരൻ നേടുന്ന രണ്ടാമത്തെ വ്യക്തിഗത സ്വർണ്ണമെഡൽ എന്ന നേട്ടവും ഈ പ്രകടനത്തിലൂടെ നീരജ് ചോപ്ര കൈവരിച്ചു. 2008 ബെയ്‌ജിംഗ് ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങ് മത്സരത്തിൽ അഭിനവ് ബിന്ദ്രയാണ് ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വ്യക്തിഗത ഒളിംപിക് സ്വർണ്ണമെഡൽ നേടിയത്.

ഇതോടെ ടോക്യോ ഒളിംപിക്സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം ഏഴായി. ഇന്ന് നടന്ന 65 കിലോവിഭാഗം ഗുസ്തിയിൽ ഇന്ത്യയുടെ ബജ്‌രംഗ് പുനിയ വെങ്കലം നേടിയിരുന്നു. ഒരു സ്വർണ്ണം, രണ്ട് വെള്ളി, നാല് വെങ്കലം എന്നിങ്ങനെയാണ് ടോക്യോ ഒളിംപിക്സിലെ ഇന്ത്യയുടെ മെഡൽ നേട്ടങ്ങൾ.