ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് ഒമാനിൽ നേരിട്ട് അനുഭവപ്പെട്ടിരുന്ന പ്രഭാവം അവസാനിച്ചതായി ഒമാൻ കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഒക്ടോബർ 4 തിങ്കളാഴ്ച്ച വൈകീട്ട് ഒമാൻ സമയം 3.23-നാണ് ഒമാൻ വ്യോമയാന വകുപ്പ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്.
നിലവിൽ ന്യൂനമർദ്ദത്തിന്റെ കേന്ദ്രം സൗദി അതിർത്തിയോട് ചേർന്ന് തെക്ക് പടിഞ്ഞാറൻ അൽ ദഹിറാഹ് ഗവർണറേറ്റിലെത്തിയതായും, ഒമാനിൽ ഇതുമൂലം ഉണ്ടായിട്ടുള്ള സ്വാധീനം കുറയുന്നതായും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് ഒമാനിൽ പതിനൊന്ന് പേർ മരണമടഞ്ഞതായി ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
സ്ഥാപനങ്ങൾക്ക് വിദൂര സമ്പ്രദായത്തിലുള്ള പ്രവർത്തനം തുടരാൻ അനുമതി
രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ ജീവനക്കാർക്ക് ആവശ്യമെങ്കിൽ വിദൂര സമ്പ്രദായത്തിൽ ജോലി ചെയ്യുന്നതിന് അനുമതി നൽകുന്നതിന് അനുവാദം നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു. ഷഹീൻ ചുഴലിക്കാറ്റിനെത്തുടർന്ന് ഉണ്ടായിട്ടുള്ള വിവിധ പ്രതിസന്ധികൾ കണക്കിലെടുത്താണ് ഈ തീരുമാനം.
ഒക്ടോബർ 4 തിങ്കളാഴ്ച്ച വൈകീട്ട് ഒമാൻ സമയം 2.16-നാണ് തൊഴിൽ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയത്. ചുഴലിക്കാറ്റിനാൽ ബന്ധിക്കപ്പെട്ട ജീവനക്കാർക്ക് അവരുടെ സ്ഥിതിഗതികൾ മെച്ചപ്പെടുന്നത് വരെ തങ്ങളുടെ വീടുകളിൽ നിന്ന് ജോലി ചെയ്യുന്നതിന് അനുവദിക്കാൻ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരക്കാർക്ക് ആവശ്യമെങ്കിൽ ശമ്പളത്തോട് കൂടിയ അടിയന്തിര അവധി അനുവദിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.