നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ സന്നദ്ധസേവകരായ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ചെയർമാൻ ഉൾപ്പടെയുള്ള മുതിർന്ന ആരോഗ്യ പ്രവർത്തകർ വാക്സിനുകളുടെ രണ്ടാം ഘട്ട കുത്തിവയ്പ്പ് സ്വീകരിച്ചു. ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായുള്ള ആദ്യ സന്നദ്ധസേവകരായി, DoH ചെയർമാൻ ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, DoH ആക്ടിംഗ് സെക്രട്ടറി ഡോ. ജമാൽ അൽ കാബി തുടങ്ങിയവർ ജൂലൈ 16-നു വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചിരുന്നു.
ജൂലൈ 16-ലെ ആദ്യ വാക്സിൻ കുത്തിവെപ്പിന് ശേഷം ഇരുവരും പാർശ്വഫലങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല എന്നും, ശക്തമായ ആന്റിബോഡി സാന്നിധ്യവും, മികച്ച രോഗപ്രതിരോധ ശേഷിയും പ്രകടിപ്പിക്കുന്നതായും വിദഗ്ദ്ധ മെഡിക്കൽ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ വാക്സിൻ കുത്തിവെപ്പിന് ശേഷം മൂന്നാമത്തെയും, എട്ടാമത്തെയും ദിനങ്ങളിൽ നടത്തിയ നേരിട്ടുള്ള വൈദ്യപരിശോധനകളും, ഏഴാമത്തെയും, പതിനാലാമത്തേയും ദിനങ്ങളിലെ ടെലിഫോൺ വഴിയുള്ള നിരീക്ഷണങ്ങളിലും ഇരുവരുടെയും ആരോഗ്യ നിലയിൽ പരിശോധനാ സംഘം പൂർണ്ണ തൃപ്തി രേഖപ്പെടുത്തി.
“ആദ്യ വാക്സിൻ കുത്തിവെപ്പിന് ശേഷം ഞങ്ങൾക്ക് പാർശ്വഫലങ്ങളൊന്നും അനുഭവപ്പെട്ടില്ല. ഇപ്പോൾ വാക്സിൻ രണ്ടാം തവണയും കുത്തിവെക്കുകയാണ്. വാക്സിൻ ലഭിക്കുന്ന ആർക്കും പിസിആർ പരിശോധനയുടെ ആവശ്യമില്ലാതെ രാജ്യമെമ്പാടും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നത് വലിയ കാര്യമാണ്.”, രണ്ടാം ഘട്ട കുത്തിവയ്പ്പ് സ്വീകരിച്ചു കൊണ്ട് ഷെയ്ഖ് അബ്ദുല്ല ബിൻ മുഹമ്മദ് അഭിപ്രായപ്പെട്ടു. “വാക്സിൻ പരീക്ഷണത്തിന്റെ മൂന്നാം ഘട്ട ട്രയൽ പൂർത്തിയാക്കുന്നതിനും, അതിലൂടെ വാക്സിൻ വിപണിയിൽ എത്തിക്കുന്നതിനുമായി ഞങ്ങൾക്ക് 15,000 ത്തോളം സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ട്.”, അദ്ദേഹം കൂട്ടിച്ചേർത്തു.
“വാക്സിൻ പരീക്ഷണങ്ങളിൽ പങ്കെടുക്കുന്നതിനെ കുറിച്ച് ഒരു ആശങ്കയും ആവശ്യമില്ല. വാക്സിൻ വിജയകരമാണെന്ന് അംഗീകാരം ലഭിക്കുകയാണെകിൽ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്ന ആദ്യത്തെ ആളുകളിൽ ഒരാളായിരിക്കും നിങ്ങൾ.”, വാക്സിൻ പരീക്ഷണങ്ങളിൽ ഭാഗമാകാൻ താത്‌പര്യം പ്രകടിപ്പിക്കുന്ന സന്നദ്ധപ്രവർത്തകർക്ക് ആത്മവിശ്വാസം നൽകികൊണ്ട് ഡോ. അൽ കാബി അഭിപ്രായപ്പെട്ടു.
“വാക്സിൻ മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിന്റെ കാര്യത്തിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഫീൽഡ് സെന്റർ ആയിരിക്കും ADNECലെ ഫീൽഡ് സെന്റർ.”, സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) ആരംഭിച്ചിട്ടുള്ള വോക് ഇൻ കേന്ദ്രത്തെ കുറിച്ച് ഡോ. അൽ കാബി കൂട്ടിച്ചേർത്തു. സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, മുൻകൂർ അനുവാദം ഇല്ലാതെ തന്നെ ഈ കേന്ദ്രത്തിൽ നേരിട്ടെത്തി വാക്സിൻ പരീക്ഷണങ്ങൾക്ക് സന്നദ്ധത അറിയിക്കാവുന്നതാണ്. ദിനവും 1000-ത്തോളം സന്നദ്ധസേവകരെ രജിസ്റ്റർ ചെയ്യുന്നതിന് ADNEC കേന്ദ്രത്തിൽ സൗകര്യമുണ്ടായിരിക്കുന്നതാണ്.