സൗദി: ഉംറ സേവനദാതാക്കളുമായി ബന്ധപ്പെട്ട് ആഭ്യന്തര തീർത്ഥാടകർക്കായി ഹജ്ജ് മന്ത്രാലയം പ്രത്യേക അറിയിപ്പ് നൽകി

featured GCC News

ഉംറ തീർത്ഥാടന സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമായി ഇടപെടുന്ന അവസരത്തിൽ, സ്ഥാപനങ്ങൾ ലഭ്യമാക്കുന്ന സേവനങ്ങൾ വ്യക്തമാക്കിക്കൊണ്ടുള്ള രേഖാമൂലമുള്ള ഒരു കരാർ ഉണ്ടെന്ന് ഉറപ്പ് വരുത്താൻ ആഭ്യന്തര ഉംറ തീർത്ഥാടകരോട് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഹ്വാനം ചെയ്തു.

ഇത്തരം കരാർ രേഖകളിൽ സ്ഥാപനം ലഭ്യമാക്കുന്ന എല്ലാ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഉംറ സേവനങ്ങൾക്കായി തീർത്ഥാടനസേവനങ്ങൾ നൽകുന്നതിന് ഔദ്യോഗിക ലൈസൻസ് ലഭിച്ചിട്ടുള്ള അംഗീകൃത സ്ഥാപനങ്ങളെ മാത്രം സമീപിക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇത്തരം സേവനദാതാക്കളിൽ നിന്ന് താമസസൗകര്യങ്ങൾ, യാത്രാ സേവനങ്ങൾ, യാത്രാ തീയതി മുതലായ വിവരങ്ങൾ പരിശോധിച്ച് ഉറപ്പ് വരുത്താനും ആഭ്യന്തര തീർത്ഥാടകരോട് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.

ഈ വർഷത്തെ പുതിയ ഉംറ തീർത്ഥാടന സീസൺ ആരംഭിച്ചതായി 2022 ജൂലൈ 30-ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചിരുന്നു.