COVID-19 വൈറസ് വ്യാപനം തടയുന്നതിലും, പ്രതിദിന രോഗബാധിതരുടെ എണ്ണം സ്ഥിരതയോടെ കുറച്ച് കൊണ്ട് വരുന്നതിലും എമിറേറ്റ് വിജയിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അണ്ടർസെക്രട്ടറി ഡോ. ജമാൽ അൽ കാബി അഭിപ്രായപ്പെട്ടു. എമിറേറ്റിലെ മുഴുവൻ മേഖലകളിലെയും പ്രവർത്തനങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ബന്ധപ്പെട്ട വകുപ്പുകളുമായി സംയോജിച്ച് നടപ്പിലാക്കാൻ തീരുമാനിച്ചതായുള്ള അബുദാബി എമർജൻസി ക്രിസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഡോ. അൽ കാബി ഇത് സംബന്ധിച്ച് വ്യക്തത നൽകിയത്.
എമിറേറ്റിൽ നടപ്പിലാക്കിയിട്ടുള്ള COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെയും, മുൻകരുതൽ നടപടികളുടെയും ഫലമായി വൈറസ് വ്യാപനത്തെ വിജയകരമായി തടയാൻ സാധിച്ചതും, നിലവിൽ എമിറേറ്റിൽ രേഖപ്പെടുത്തുന്ന രോഗബാധയിലെ കുറവും കണക്കിലെടുത്താണ് രണ്ടാഴ്ച്ചയ്ക്കകം അബുദാബിയിലെ മുഴുവൻ വാണിജ്യ, സാംസ്‌കാരിക, വിനോദ, വിനോദസഞ്ചാര പ്രവർത്തനങ്ങളും പൂർണ്ണ രൂപത്തിൽ പുനരാരംഭിക്കാൻ ആവശ്യമായ നടപടികൾ കൈകൊള്ളുന്നതെന്നും ഡോ. അൽ കാബി വ്യക്തമാക്കി. എമിറേറ്റിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള പ്രതിരോധ മുൻകരുതൽ നടപടികൾ കൂടുതൽ ഫലപ്രദമാകുന്ന രീതിയിലേക്ക് മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
COVID-19 ഉയർത്തുന്ന ഭീഷണിയെ ഫലപ്രദമായി നേരിടുന്നതിനാവശ്യമായ വിവേകപൂർണ്ണമായതും, തെളിയിക്കപ്പെട്ടതുമായ മുൻകരുതൽ നടപടികളും, മാനദണ്ഡങ്ങളും, അടിസ്ഥാന സൗകര്യങ്ങളും എമിറേറ്റിൽ നിലവിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. രോഗബാധിതരെ തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനായി അബുദാബി നടപ്പിലാക്കിയ സമൂഹത്തിന്റെ മുഴുവൻ മേഖലകളിലുള്ളവർക്കും പ്രാപ്യമായതും, താങ്ങാവുന്നതുമായ COVID-19 ടെസ്റ്റിംഗ് സംവിധാനങ്ങൾ ഏറെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതോടൊപ്പം രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിരുന്നവരെ കണ്ടെത്തുന്ന പ്രവർത്തനങ്ങളും, ലോകനിലവാരത്തിലുള്ള ചികിത്സാ സൗകര്യങ്ങളും, അടിയന്തിര ഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് അനുമതി നൽകിയിട്ടുള്ള വാക്സിനിന്റെ സാന്നിദ്ധ്യവും വാണിജ്യ, സാംസ്‌കാരിക മേഖലകളിലെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് ആത്മവിശ്വാസം നൽകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓരോ മേഖലകളിലെയും പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതോടൊപ്പം, അതാത് മേഖലകളിലെ ആരോഗ്യ സുരക്ഷയിലെ നേട്ടങ്ങൾ നിലനിർത്തുന്നതിനായുള്ള പ്രതിരോധ നിർദ്ദേശങ്ങൾ അധികൃതർ പിന്നീട് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓരോ മേഖലകളിലെയും സ്ഥിതിഗതികൾ തുടർച്ചയായും, നിശിതമായും നിരീക്ഷിക്കുന്നതിനും, ആരോഗ്യ സൂചികകൾ അനുസരിച്ച് ഇളവുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിനുമുള്ള എല്ലാ സംവിധാനങ്ങളും എമിറേറ്റിൽ ഒരുക്കിയിട്ടുണ്ടെന്നും ഡോ. അൽ കാബി വ്യക്തമാക്കി. മുഴുവൻ സമൂഹത്തിന്റെയും സുരക്ഷയ്ക്കാണ് എമിറേറ്റ് പരമപ്രാധാന്യം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.