വ്യോമയാന മേഖലയിൽ COVID-19 സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളിൽ പടിപടിയായി ഇളവുകൾ അനുവദിച്ച് തുടങ്ങിയതോടെ യാത്രികരുടെയും, സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയെ മുൻനിർത്തിയുള്ള വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് എയർപോർട്ട് അധികൃതർ പങ്കുവെച്ചു. ദുബായ് എയർപോർട്ടിൽ നിന്നുമുള്ള യാത്രകളിലും, തിരികെ ദുബായ് എയർപോർട്ടിലേക്കുള്ള യാത്രകളിലും പാലിക്കേണ്ട ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളാണ് ദുബായ് മീഡിയ ഓഫീസ്, സമൂഹ മാധ്യമങ്ങളിലൂടെ നൽകിയത്.
വിവിധ ഇടങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചതോടെ, ദുബായ് എയർപോർട്ട് ടെർമിനൽ 2, 3 എന്നിവിടങ്ങളിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെട്ടതായി അറിയിച്ച അധികൃതർ, യാത്രികരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന എന്ന് വ്യക്തമാക്കി.
ദുബായ് എയർപോർട്ടിൽ നിന്ന് യാത്ര ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- മാസ്കുകൾ, കയ്യുറകൾ എന്നിവ നിർബന്ധമാണ്. ഇവ കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക.
- എയർപോർട്ടിൽ എല്ലാ ഇടങ്ങളിലും സമൂഹ അകലം പാലിക്കണം.
- യാത്രാ ടിക്കറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും ടെർമിനൽ കെട്ടിടത്തിലേക്ക് പ്രവേശനം അനുവദിക്കുക.
- വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് ടെർമിനൽ കെട്ടിടത്തിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല.
- വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് യാത്രികരെ തെർമൽ സ്ക്രീനിങ്ങിന് വിധേയരാക്കുന്നതും, ശരീരോഷ്മാവ് പരിശോധിക്കുന്നതുമാണ്.
- വിമാനത്താവളത്തിൽ എത്തുന്നതിനു മുൻപ് ആവശ്യമായ എല്ലാ രേഖകളും കയ്യിലുണ്ടെന്ന് ഉറപ്പാക്കുക. ആരോഗ്യാവസ്ഥ തെളിയിക്കുന്ന രേഖകൾ ആവശ്യമുള്ള ഇടങ്ങളിലേക്ക് യാത്ര ചെയുന്നവർ മറക്കാതെ അവ കയ്യിൽ കരുതണം.
- ലഗേജുകൾ നിലവിലെ എയർലൈൻ മാനദണ്ഡങ്ങൾക്കനുസരിച്ച് തയ്യാറാക്കുക.
- എയർപോർട്ടിലേക്കുള്ള യാത്രകൾക്ക് സ്വകാര്യ വാഹനങ്ങളോ, ടാക്സി, മറ്റ് പൊതു ഗതാഗത മാർഗങ്ങൾ എന്നിവ ഉപയോഗിക്കാം. നിങ്ങളുടെ യാത്ര ചെയ്യേണ്ട ടെർമിനൽ ഏതാണെന്ന് മുൻകൂട്ടി ഉറപ്പാക്കുക.
- നിലവിലെ അണുനശീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട യാത്രാ നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്രകൾ ക്രമീകരിക്കുക.
ദുബായ് എയർപോർട്ടിലേക്ക് മറ്റിടങ്ങളിൽ നിന്ന് എത്തുന്ന യാത്രികർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- മാസ്കുകൾ, കയ്യുറകൾ, സമൂഹ അകലം എന്നിവ സംബന്ധിച്ച നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക.
- പുറത്ത് നിന്ന് ദുബായ് എയർപോർട്ടിൽ എത്തുന്നവർ നിർബന്ധമായും സ്മാർട്ഫോണുകളിൽ ‘DHA COVID-19 DXB’ സ്മാർട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.
- DHA നിബന്ധനകൾ പ്രകാരമുള്ള ആരോഗ്യ വിവരങ്ങൾ നൽകുന്നതിനുള്ള ഫോം പൂരിപ്പിക്കുക.
- 14 ദിവസം വീഴ്ച്ച കൂടാതെ ക്വാറന്റീനിൽ തുടർന്നുകൊള്ളാം എന്ന സമ്മതപത്രം ഒപ്പിട്ട് നൽകേണ്ടതാണ്.
- നിശ്ചിത സമയത്തിനുള്ളിൽ PCR ടെസ്റ്റിന് വിധേയരാകണം.
- പുറത്ത് നിന്ന് ദുബായ് എയർപോർട്ടിലേക്ക് എത്തുന്ന യാത്രികർക്ക് എയർപോർട്ടിൽ നിന്ന് നേരെ ഹോം/ ഹോട്ടൽ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദമുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.