ദുബായ് വിമാനത്താവളം വിദേശ സഞ്ചാരികൾക്കായി ഔദ്യോഗികമായി പ്രവർത്തനം പുനരാരംഭിച്ചു. ജൂലൈ 7, ചൊവ്വാഴ്ച്ച 12 AM-നു ദുബായ് എയർപോർട്ടിൽ എത്തിയ വിമാനങ്ങളിൽ നിന്നുള്ള സഞ്ചാരികളുടെ ദൃശ്യങ്ങൾ ജനറൽ ഡിറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് (GDRFA) സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിട്ടുണ്ട്. സമൂഹ അകലം, മാസ്കുകൾ മുതലായ സുരക്ഷാ മുൻകരുതലുകളോടെ സഞ്ചാരികൾ ദുബായിലേക്ക് എത്തുന്നതും, വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കുന്നതും ഇതിൽ ദൃശ്യമാണ്.
അതേസമയം, സഞ്ചാരികളുമായുള്ള വിമാനങ്ങൾ ദുബായ് വിമാനത്താവളത്തിലേക്ക് എത്തിത്തുടങ്ങിയത് വ്യോമയാന മേഖലയിൽ ഉണർവ്വ് നൽകുമെന്ന് GDRFA ഡയറക്ടർ ജനറൽ, മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മാരി വ്യക്തമാക്കി. ആഗോളതലത്തിൽ തന്നെ, പ്രമുഖ വ്യോമയാന കേന്ദ്രങ്ങളിലൊന്നായി ദുബായ് തുടരുമെന്നതിന്റെ സൂചനയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഞ്ചാരികൾ എത്തുന്നതോടെ വിവിധ വാണിജ്യമേഖലകളിൽ ഉണർവ് പ്രകടമാകുമെന്നും, രാജ്യത്തെ വാണിജ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിനു ഇത് സഹായകമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
ദുബായിലെ വിമാനത്താവളങ്ങളിലൂടെ മടങ്ങിയെത്തുന്നവരെ സ്വീകരിക്കാൻ GDRFA ഏറ്റവും കർശനമായ സുരക്ഷാ മുൻകരുതലുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിൽ മടങ്ങിയെത്തുന്നവരെ സ്വീകരിക്കുന്നതിനായി “നിങ്ങളുടെ രണ്ടാം ഭവനത്തിലേക്ക് ഊഷ്മളമായ സ്വാഗതം” എന്ന പ്രചാരണ പരിപാടി തന്നെ GDRFA തയാറാക്കിയിട്ടുണ്ട്. ഇന്ന് വന്നിറങ്ങിയ യാത്രികരുടെ പാസ്സ്പോർട്ടിൽ ഈ സന്ദേശം മുദ്രണംചെയ്ത പ്രത്യേക ലേബല്‍ പതിപ്പിച്ചാണ് ദുബായ് വിമാനത്താവളം അവരെ സ്വീകരിച്ചത്.
കൂടുതൽ വിദേശ സഞ്ചാരികൾ ദുബായിലേക്ക് എത്തിത്തുടങ്ങിയതോടെ എമിറേറ്റിലെ ടൂറിസം രംഗത്തും, വിദേശനിക്ഷേപ മേഖലയിലും ശക്തമായ അഭിവൃദ്ധി ഉണ്ടാകുമെന്ന് ദുബായ് എയർപോർട്ട് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ തലാൽ അഹമ്മദ് അൽ ഷാൻഖീതി അഭിപ്രായപ്പെട്ടു.