കൊറോണ വൈറസ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വാണിജ്യ മേഖലയ്ക്ക് സഹായമേകുന്നതിനായി ദുബായ് അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ജനുവരി 6, ബുധനാഴ്ച്ച വൈകീട്ടാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
അഞ്ചാം ഘട്ടത്തിൽ 315 ദശലക്ഷം ദിർഹത്തിന്റെ സാമ്പത്തിക ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതോടെ COVID-19 പ്രതിസന്ധി മറികടക്കുന്നതിനായി ദുബായ് സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജുകളുടെ ആകെ മൂല്യം 7.1 ബില്യൺ ആയി.
H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ഉത്തരവ് പ്രകാരം പ്രഖ്യാപിക്കപ്പെട്ട ഈ സാമ്പത്തിക സഹായങ്ങൾ, ദുബായ് ഇക്കോണമി സപ്പോർട്ട് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പ്രകാരമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. എമിറേറ്റിലെ മുഴുവൻ വാണിജ്യ, വ്യവസായ മേഖലകൾക്കും ഉണർവേകുന്നതിനാണ് ഈ പാക്കേജുകൾ ലക്ഷ്യമിടുന്നത്. മുൻ ഘട്ടങ്ങളിൽ പ്രഖ്യാപിക്കപ്പെട്ട വിവിധ പദ്ധതികളുടെ കാലാവധി 2021 ജനുവരി മുതൽ ആറ് മാസത്തേക്ക് കൂടി നീട്ടുന്നതിനും ഇപ്പോൾ പ്രഖ്യാപിക്കപ്പെട്ട പാക്കേജിൽ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദുബായ് സർക്കാർ നിലവിലെ ആഗോള സാമ്പത്തിക സാഹചര്യങ്ങൾ തുടർച്ചയായി വിശകലനം ചെയ്ത് വരികയാണെന്നും, നിലവിലെ മഹാമാരി സൃഷ്ടിച്ചിട്ടുള്ള അസാധാരണ സാഹചര്യത്തിൽ, സാമ്പത്തിക മേഖലയിൽ ഉടലെടുത്തിട്ടുള്ള പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് ആവശ്യമായ പ്രായോഗിക നയങ്ങൾ രൂപപ്പെടുത്താൻ സർക്കാർ എല്ലാ നടപടികളും എടുത്തുവരുന്നതായും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി. ആഗോള പ്രതിസന്ധി തരണം ചെയ്യുന്നതിനും, സാമ്പത്തിക മേഖലയുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും, വാണിജ്യ മേഖലയിലെ പ്രവർത്തനങ്ങൾ തടസ്സം കൂടാതെ നടക്കുന്നതിനും ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊറോണ വൈറസ് മൂലം വാണിജ്യ മേഖലയിൽ ഉടലെടുത്ത പ്രതിസന്ധി മറികടക്കുന്നതിനായി 2020 മാർച്ച് 12-നാണ് ദുബായ് 1.5 ബില്യൺ ദിർഹം മൂല്യമുള്ള ആദ്യ ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചത്. തുടർന്ന് 2020 മാർച്ച് 29 (3.3 ബില്യൺ), ജൂലൈ 11 (1.5 ബില്യൺ), ഒക്ടോബർ 24 (0.5 ബില്യൺ) എന്നിങ്ങനെ തുടർ പാക്കേജുകളും ദുബായ് പ്രഖ്യാപിക്കുകയുണ്ടായി.