അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിൽ 128 ബില്യൺ മൂല്യമുള്ള പുതിയ പാസഞ്ചർ ടെർമിനൽ നിർമ്മിക്കാനുള്ള പദ്ധതിയ്ക്ക് ദുബായ് ഭരണാധികാരി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം അംഗീകാരം നൽകി. 2024 ഏപ്രിൽ 28-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
നിർമ്മാണം പൂർത്തിയാകുന്നതോടെ ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ എയർപോർട്ട് എന്ന തലത്തിലേക്ക് അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിനെ ഉയർത്തുന്നതാണ് ഈ പുതിയ പദ്ധതി.
അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമ്മിക്കുന്ന പുതിയ ടെർമിനലിന്റെ രൂപരേഖ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം വിലയിരുത്തുകയും, തുടർന്ന് ഇതിന് അംഗീകാരം നൽകുകയുമായിരുന്നു.
128 ബില്യൺ മൂല്യമുള്ള ഈ പദ്ധതി നടപ്പിലാകുന്നതോടെ ഈ വിമാനത്താവളത്തിലൂടെ വാർഷികാടിസ്ഥാനത്തിൽ 260 മില്യൺ യാത്രികർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിന് സാധിക്കുന്നതാണ്.
നിർമ്മാണം പൂർത്തിയാകുന്നതോടെ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിന്റെ വലിപ്പം നിലവിലെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അഞ്ചിരട്ടിയായി മാറുന്നതാണ്. ഇതോടെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് നിലവിലുള്ള എല്ലാ പ്രവർത്തനങ്ങളും വരും വർഷങ്ങളിൽ അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ടിലേക്ക് മാറ്റുന്നതാണ്.
നാനൂറ് എയർക്രാഫ്റ്റ് ഗേറ്റുകൾ, സമാന്തരമായ അഞ്ച് റൺവേകൾ, മറ്റു വിമാനത്താവളങ്ങളിൽ ഇതുവരെ ഉപയോഗിക്കാത്തതായ അതിനൂതന വ്യോമയാന സാങ്കേതികവിദ്യകൾ തുടങ്ങിയവയും ഈ എയർപോർട്ടിന്റെ പ്രത്യേകതകളായിരിക്കും.
Cover Image: Dubai Media Office.