എമിറേറ്റിലെ പൊതു പാർക്കുകളിൽ ഇ-സ്‌കൂട്ടർ അഥവാ, ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുന്നതിന് അനുമതിയില്ലെന്ന് ദുബായ് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പാർക്കുകളിലെത്തുന്നവരുടെ സുരക്ഷ കണക്കിലെടുത്തും, അപകടങ്ങൾ തടയുന്നതിനുമായാണ് ഇ-സ്‌കൂട്ടറുകൾക്ക് വിലക്കേർപ്പെടുത്തുന്നത്.
ഏപ്രിൽ 29-നാണ് ദുബായ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സ്വകാര്യ ഉപയോഗത്തിനുള്ള ലൈറ്റ് ഇലക്ട്രിക്ക് വാഹനങ്ങളുടെ ഗണത്തിലുള്ള ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് എമിറേറ്റിൽ വലിയ പ്രചാരമുണ്ട്. മണിക്കൂറിൽ പരമാവധി 20 കിലോമീറ്ററാണ് ഇത്തരം വാഹനങ്ങളുടെ വേഗത.
എന്നാൽ പാർക്കുകളിൽ ഇവ അനുവദിക്കുന്നത് മൂലം മറ്റുള്ളവർക്ക് ഉണ്ടാകാനിടയുള്ള അപകട സാധ്യത കണക്കിലെടുത്താണ് ഈ വിലക്കേർപ്പെടുത്തുന്നത്. ഇവയ്ക്ക് പുറമെ, മോട്ടോർ സൈക്കിളുകൾക്കും പൊതു പാർക്കുകളിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പാർക്കുകൾ സന്ദർശിക്കുന്നവരോട് സൈക്കിൾ ഉപയോഗിക്കുന്നവർക്കുള്ള പാതകളിലൂടെ നടക്കരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പൊതുപാർക്കുകളിൽ മണിക്കൂറിൽ പരമാവധി 15 കിലോമീറ്റർ വേഗതയിലാണ് സൈക്കിളുകൾ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ളത്. സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി മുഴുവൻ പേരോടും ഇത്തരം നിർദ്ദേശങ്ങൾ കർശനമായി പാലിക്കാനും ദുബായ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.