PPE ഉപകരണങ്ങളുടെ വ്യാപാരത്തിനായി ദുബായ് ചേംബർ പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു

GCC News

പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെന്റ് (PPE) വ്യാപാരത്തിനായി ദുബായ് ചേംബർ പുതിയ ഓൺലൈൻ സംവിധാനം ആരംഭിച്ചു. വാണിജ്യ സ്ഥാപനങ്ങൾക്കും, ആരോഗ്യ മേഖലയിലെ സംരംഭങ്ങൾക്കും ഈ സൗജന്യ ഓൺലൈൻ സംവിധാനത്തിലൂടെ PPE ഉപകരണങ്ങൾ വാങ്ങുന്നതിനും, വിൽക്കുന്നതിനും സാധിക്കുന്നതാണ്. കൊറോണ വൈറസ് പശ്ചാത്തലത്തിൽ ഇത്തരം ഉപകരണങ്ങൾക്കുള്ള ഉയർന്ന ആവശ്യകത കണക്കിലെടുത്താണ് ദുബായ് ചേംബർ ഈ വെബ്സൈറ്റ് ആരംഭിച്ചിട്ടുള്ളത്.

എമിറേറ്റിലെ വാണിജ്യരംഗത്തിന്റെ വളർച്ച മുൻനിർത്തി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ദുബായ് ചേംബറിന്റെ ഈ സംരംഭത്തിലൂടെ, സ്ഥാപനങ്ങൾക്ക് പ്രവർത്തന നിരക്കുകൾ കൂടാതെ PPE ഉപകരണങ്ങൾ ക്രയവിക്രയം ചെയ്യാവുന്നതാണ്. യു എ ഇയിലെ 15-ഓളം വിതരണക്കാരിൽ നിന്നുള്ള മാസ്കുകൾ, ഫേസ് ഷീൽഡുകൾ, സുരക്ഷാ കണ്ണടകൾ, സാനിറ്റൈസറുകൾ, കയ്യുറകൾ, മെഡിക്കൽ ഗൗണുകൾ, തെർമോമീറ്ററുകൾ തുടങ്ങിയ ഉത്പന്നങ്ങൾ നിലവിൽ ഈ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.

https://gtn.dubaichamber.com/rri/rapid-response-initiative എന്ന വിലാസത്തിൽ നിന്ന് ‘റാപ്പിഡ് റെസ്പോൺസ് ഇനീഷിയേറ്റീവ് ‘ എന്ന് പേരിട്ടിട്ടുള്ള ഈ ഓൺലൈൻ വാണിജ്യ സംവിധാനം ലഭ്യമാണ്. ഈ സംവിധാനം ഉപയോഗിക്കുന്ന വ്യാപാരികൾക്ക് എളുപ്പത്തിൽ ആവശ്യക്കാരെ കണ്ടെത്തുന്നതിനും, വാങ്ങുന്നവർക്ക് കുറഞ്ഞ വിലയിൽ ഉപകരണങ്ങൾ വാങ്ങുന്നതോടൊപ്പം, വിശ്വാസയോഗ്യമായ വിതരണക്കാരുമായി ദീര്‍ഘകാലത്തേക്കുള്ള വാണിജ്യബന്ധം സ്ഥാപിക്കുന്നതിനും സാധ്യമാകുമെന്ന് ദുബായ് ചേംബർ അംഗം ഡോ. ബെലൈദ് റെത്താബ് വ്യക്തമാക്കി.

ഇത്തരം ഉപകരണങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിട്ടുള്ള സ്ഥാപനങ്ങൾക്ക് സൗജന്യമായി ഈ വെബ്സൈറ്റിൽ രെജിസ്റ്റർ ചെയ്യാവുന്നതാണ്. ഈ സംവിധാനം എമിറേറ്റിൽ നടപ്പിലാക്കിയിട്ടുള്ള സുരക്ഷാ നിബന്ധനകൾ പാലിക്കുന്നതിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് സഹായകമാകും.