എമിറേറ്റിലെ COVID-19 പ്രതിരോധ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 2 സ്പോർട്സ് സ്ഥാപനങ്ങൾ കഴിഞ്ഞ വാരാന്ത്യത്തിൽ ദുബായ് ഇക്കോണമി അധികൃതർ അടച്ച് പൂട്ടി. ദുബായ് സ്പോർട്സ് കൗൺസിൽ, ദുബായ് മുൻസിപ്പാലിറ്റി എന്നിവരുമായി സംയുക്തമായാണ് എമിറേറ്റിൽ ദുബായ് ഇക്കോണമി പരിശോധനകൾ നടപ്പിലാക്കുന്നത്.
ആറ് സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കോണമി പിഴ ചുമത്തിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിൽ സമൂഹ അകലം, മാസ്കുകളുടെ ഉപയോഗം മുതലായ സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ചകൾ കണ്ടെത്തിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളിൽ തുടർച്ചയായി വീഴ്ച്ചകൾ കണ്ടെത്തിയ 2 സ്ഥാപനങ്ങളാണ് അധികൃതർ അടച്ച് പൂട്ടാൻ നിർദ്ദേശിച്ചത്. 8 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും അധികൃതർ വ്യക്തമാക്കി.
കൊറോണ വൈറസ് പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി തുടരാൻ ഇത്തരം സ്ഥാപനങ്ങൾക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉപകരണങ്ങളും, പരിസരവും ശുചിയായി സൂക്ഷിക്കാനും, കൃത്യമായി അണുനശീകരണം നടപ്പിലാക്കാനും ഇത്തരം സ്ഥാപനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. സാനിറ്റൈസറുകളുടെ ഉപയോഗം, മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം ഉറപ്പാക്കൽ, സുരക്ഷാ അവബോധം വളർത്തുന്നതിനുള്ള അടയാളങ്ങൾ പ്രദർശിപ്പിക്കൽ, സന്ദർശകരുടെ വിവരങ്ങൾ സൂക്ഷിക്കൽ മുതലായ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാനും സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കോണമി നിർദ്ദേശം നൽകിയിട്ടുണ്ട്.