ദുബായിലെ അൽ മർമൂം മേഖലയിലെ എമിറാത്തി പൈതൃകത്തെക്കുറിച്ചും, പരിസ്ഥിതി സംബന്ധമായ സമൃദ്ധിയെക്കുറിച്ചും വ്യക്തമാക്കുന്ന ഒരു പുതിയ പുസ്തകം ദുബായ് കൾച്ചർ പുറത്തിറക്കി. 2023 ഫെബ്രുവരി 3-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയുമായി (KHDA) ചേർന്നാണ് ദുബായ് കൾച്ചർ ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. എമിറാത്തി എഴുത്തുകാരനും, ഗവേഷകനുമായ ജുമാ ഖലീഫ ബിൻ തലിതാണ് ‘Al Marmoom’ എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത്.
KHDA-യും, ദുബായ് കൾച്ചറും സംയുക്തമായി പുറത്തിറക്കുന്ന ആദ്യത്തെ പൈതൃക ഗ്രന്ഥമാണിത്. അൽ സഫ ആർട്ട് ആൻഡ് ഡിസൈൻ ലൈബ്രറിയിൽ വെച്ചാണ് ഈ പുസ്തകം പ്രകാശനം ചെയ്തത്.
KHDA ഡയറക്ടർ ജനറൽ H.E. ഡോ. അബ്ദുല്ല അൽ കരം, ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി ഡയറക്ടർ ജനറൽ H.E. ഹല ബദ്രി തുടങ്ങിയവർ ഈ ചടങ്ങിൽ പങ്കെടുത്തു.
“മരുഭൂമിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും, എമിറാത്തി സംസ്കാരത്തെ അടുത്തറിയുന്നതിനും ആഗ്രഹമുള്ളവർക്ക് ഏറെ പ്രിയപ്പെട്ട ഒരു ഇടമാണ് അൽ മർമൂം. ഈ പുസ്തകം അൽ മർമൂം മേഖലയിലെ പരിസ്ഥിതി സാമ്പത്തിനെക്കുറിച്ചും, സാംസ്കാരിക പൈതൃകത്തെക്കുറിച്ചും വായനക്കാരന് മുൻപിൽ അവതരിപ്പിക്കുന്നു. വരും തലമുറകൾക്ക് പ്രചോദനം നൽകുന്ന പ്രബുദ്ധമായതും, വിദ്യാഭ്യാസസംബന്ധിയായതുമായ ഒരു പുസ്തകമാണിത്.”, ചടങ്ങിൽ ഡോ. അബ്ദുല്ല അൽ കരം പറഞ്ഞു.
“മരുഭൂമി എന്നത് എമിറാത്തി സംസ്കാരത്തിനും, സമൂഹത്തിനും എന്നും പ്രചോദനം നൽകുന്ന ഒരു അടയാളചിഹ്നമാണ്. പരിസ്ഥിതിയെയും, പ്രകൃതി സമ്പത്തിനെയും സംരക്ഷിക്കുന്നതിനായാണ് അൽ മർമൂം റിസേർവ് ആരംഭിച്ചത്. ഇന്ന് അത് വലിയ ഒരു പരിസ്ഥിതി, ടൂറിസം മേഖലയാണ്. ഈ മേഖലയെക്കുറിച്ച് വളരെ അടുത്ത് മനസിലാക്കുന്നതിന് അവസരം നൽകുന്ന ഈ പുസ്തകം പുറത്തിറക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. എമിറാത്തി സംസ്കാരത്തിൽ അലിഞ്ഞ് ചേർന്നിട്ടുള്ള സുസ്ഥിരതയുടെ ആശയങ്ങളെ ഈ പുസ്തകം എടുത്ത് കാട്ടുന്നു. ഈ പുസ്തകം രാജ്യത്തെ വിദ്യാലയങ്ങളിൽ ലഭ്യമാക്കുന്നതാണ്. “, ഹല ബദ്രി പറഞ്ഞു.
യു എ ഇയിലെ ആദ്യത്തെയും, ഏറ്റവും വലിയതുമായ, വേലിക്കെട്ടുകൾ ഇല്ലാത്ത സംരക്ഷിത പരിസ്ഥിതി മേഖലയാണ് അൽ മർമൂം. ദുബായിലെ സെഹ് അൽ സലാമിൽ സ്ഥിതി ചെയ്യുന്ന ഈ മരുഭൂ മേഖല എമിറേറ്റിന്റെ ആകെ വിസ്തൃതിയുടെ ഏതാണ്ട് 10 ശതമാനത്തോളം വരുന്നതാണ്.
99 ഏക്കറോളം കുറ്റിച്ചെടികൾ ഉൾപ്പെടുന്ന മരുഭൂപ്രദേശവും, 10 കിലോമീറ്ററോളം വിസ്തൃതിയുള്ള തടാകവും ഉൾപ്പെടുന്ന അൽ മർമൂം മേഖലയിൽ ഏതാണ്ട് 39 ഇനം ചെടികളെയും, 9 ഇനം സസ്തനികളെയും, 26 ഇനം ഇഴജന്തുക്കളെയും കണ്ടെത്തിയിട്ടുണ്ട്.
Cover Image: Dubai Media Office.