ഇൻ്റർനാഷണൽ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് അറേബ്യ(IASA) സംഘടിപ്പിച്ച അറേബ്യൻ പഠനങ്ങൾക്കായുള്ള അമ്പത്തേഴാമത് സെമിനാറിൽ ദുബായ് കൾച്ചർ ആൻഡ് ആർട്‌സ് അതോറിറ്റി പങ്കെടുത്തു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
അറേബ്യൻ ചരിത്രത്തെയും നാഗരികതയെയും കുറിച്ച് ഗവേഷകരും അക്കാദമിക് വിദഗ്ധരും തമ്മിലുള്ള ആശയങ്ങളുടെയും കാഴ്ചപ്പാടുകളുടെയും കൈമാറ്റം വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സെമിനാർ സംഘടിപ്പിക്കുന്നത്. ആഗോള പൈതൃക ഭൂപടത്തിൽ എമിറേറ്റിൻ്റെ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള മുൻഗണനകൾക്ക് അനുസൃതമായി ദുബായിലെ പുരാവസ്തു, ചരിത്ര സ്ഥലങ്ങളുടെ പ്രാധാന്യം ഉയർത്തിക്കാട്ടാനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുമായി ഇത് യോജിക്കുന്നു.
പാരീസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട് ഹിസ്റ്ററി ആതിഥേയത്വം വഹിച്ച ഈ ത്രിദിന സമ്മേളനത്തിൽ ദുബായിലെ പുരാവസ്തു സ്ഥലങ്ങളെ ഉയർത്തിക്കാട്ടുന്ന രണ്ട് ശാസ്ത്ര പ്രബന്ധങ്ങൾ അതോറിറ്റിയുടെ പ്രതിനിധി സംഘം അവതരിപ്പിച്ചു.
ദുബായ് കൾച്ചറിലെ സീനിയർ ആർക്കിയോളജിസ്റ്റ് മറിയം അൽ സുവൈദി അവതരിപ്പിച്ച ആദ്യ പ്രബന്ധം, തെക്കുകിഴക്കൻ അറേബ്യൻ പെനിൻസുലയിലെ ഏറ്റവും പ്രധാനപ്പെട്ട പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന സറൂഖ് അൽ-ഹദീദ് സൈറ്റിൻ്റെ ചരിത്രം, ഇവിടെ നിന്ന് കണ്ടെത്തിയിട്ടുള്ള പുരാവസ്തുക്കളുടെ ശേഖരം എന്നിവയെക്കുറിച്ച് ചർച്ച ചെയ്തു. ദുബായ് കൾച്ചറിലെ സീനിയർ ആർക്കിയോളജിക്കൽ കൺസർവേറ്റർ സൈനബ് അലി സൽമിൻ അവതരിപ്പിച്ച രണ്ടാമത്തെ പ്രബന്ധം, അൽ ഖുസൈസിലും സറൂഖ് അൽ ഹദീദ് പുരാവസ്തു സൈറ്റുകളിലും കണ്ടെത്തിയ പുരാവസ്തുക്കളുടെ സംരക്ഷണവും പുനരുദ്ധാരണ രീതികളും വികസിപ്പിക്കുന്നതിനുള്ള പഠനത്തെ കേന്ദ്രീകരിച്ചായിരുന്നു.
WAM