വാരാന്ത്യങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം: ദുബായിലെ ആരോഗ്യ പരിചരണകേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം പ്രഖ്യാപിച്ചു

UAE

എമിറേറ്റിലെ വാരാന്ത്യദിനങ്ങളിലും, ആഴ്ച്ച തോറുമുള്ള പ്രവർത്തിദിനങ്ങളിലും മാറ്റം വരുത്താനുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലെ ആരോഗ്യ പരിചരണകേന്ദ്രങ്ങളുടെ പുതുക്കിയ പ്രവർത്തന സമയം സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, DHA ആസ്ഥാനത്തെ അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാർക്ക് തിങ്കൾ മുതൽ വ്യാഴം വരെയുള്ള പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7:30 മുതൽ വൈകിട്ട് 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12 വരെയുമായിരിക്കും പ്രവൃത്തി സമയം.

ആശുപത്രികളുടെ പ്രവർത്തന സമയക്രമം:

ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ എല്ലാ ദിവസവും മുഴുവൻ സമയവും പ്രവർത്തിക്കുന്നതാണ്. അതേസമയം റാഷിദ് ഹോസ്പിറ്റലിലെയും, ദുബായ് ഹോസ്പിറ്റലിലെയും പ്രത്യേക ക്ലിനിക്കുകളിൽ ജോലി സമയം രാവിലെ 7:30 മുതൽ രാത്രി 10:00 വരെ ആയിരിക്കും (ജീവനക്കാർ ഷിഫ്റ്റ് സമയങ്ങളിൽ പ്രവർത്തിക്കുന്നതാണ്). റാഷിദ് ഹോസ്പിറ്റലിൽ രോഗികളുടെ സന്ദർശന സമയം വൈകുന്നേരം 5 മുതൽ 6 വരെ ആയിരിക്കും, ദുബായ് ഹോസ്പിറ്റലിൽ ഇത് വൈകുന്നേരം 4 മുതൽ 8 വരെ ആയിരിക്കും.

ലത്തീഫ ആശുപത്രിയിൽ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ വൈകിട്ട് 3 വരെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 8 മുതൽ രാത്രി 11.30 വരെ ക്ലിനിക്കുകൾ പ്രവർത്തിക്കും. രോഗികളുടെ സന്ദർശന സമയം രണ്ട് ഷിഫ്റ്റുകളിലായിരിക്കും: രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയും വൈകിട്ട് 7 മുതൽ 8 വരെയും.

ഹത്ത ഹോസ്പിറ്റലിൽ, ഔട്ട്പേഷ്യന്റ് ക്ലിനിക്കിന്റെ സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 2:30 വരെയും വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയുമാണ്. രോഗികളുടെ സന്ദർശന സമയം ഉച്ച വരെയും പിന്നീട് വൈകിട്ട് 4 മുതൽ രാത്രി 8 വരെയുമാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 9 വരെയുമാണ് സന്ദർശന സമയം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം:

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പുതിയ പ്രവർത്തന സമയവും അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ അറിയിപ്പ് പ്രകാരം, നാദ് അൽ ഹമർ, അൽ ബർഷ, അൽ ഖവാനീജ്, അൽ ബിദ, ദുബായ് എയർപോർട്ട് ഹെൽത്ത് സെന്റർ എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.

മറ്റ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ രാത്രി 10:00 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ 12:00 വരെയും പ്രവർത്തിക്കും. അൽ ലിസൈലി ഹെൽത്ത് സെന്റർ, അൽ മിസാർ ഹെൽത്ത് സെന്റർ, അബു ഹെൽ ഹെൽത്ത് സെന്റർ എന്നിവ ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30 വരെ പ്രവർത്തിക്കും.

പ്രത്യേക ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം:

ദുബായ് ഡയബറ്റിസ് സെന്റർ, ദുബായ് സെന്റർ ഫോർ കോംപ്ലിമെന്ററി മെഡിസിൻ, ദുബായ് കോർഡ് ബ്ലഡ് ആൻഡ് റിസർച്ച് സെന്റർ, സീനിയർ സിറ്റിസൺസ് ഹാപ്പിനസ് സെന്റർ എന്നിവ ഞായറാഴ്ച മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ട് 3:30 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ ഈ കേന്ദ്രങ്ങൾ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ പ്രവർത്തിക്കുന്നതാണ്.

കിടപ്പുരോഗികൾക്കുള്ള ദുബായ് തലസീമിയ സെന്ററിന്റെ പ്രവർത്തന സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:00 മുതൽ രാത്രി 9:30 വരെ ആയിരിക്കും. വെള്ളിയാഴ്ചകളിൽ കേന്ദ്രം രാവിലെ 8:00 മുതൽ രാത്രി 8:30 വരെ പ്രവർത്തിക്കുന്നതാണ്. ഔട്ട്‌പേഷ്യന്റ്‌സിനായി തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 2:30 വരെയും വെള്ളിയാഴ്ച രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:30 വരെയും ഈ കേന്ദ്രം പ്രവർത്തിക്കുന്നതാണ്.

ദുബായ് ഫെർട്ടിലിറ്റി സെന്ററിന്റെ പ്രവർത്തന സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ 3:30 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക് 12:00 വരെയും ആയിരിക്കും, വാരാന്ത്യങ്ങളിൽ അപ്പോയിന്റ്മെന്റ് അടിസ്ഥാനത്തിൽ രാവിലെ 10 മുതൽ ഉച്ചവരെ ഈ കേന്ദ്രം പ്രവർത്തിക്കുന്നതാണ്.

ദുബായ് സെന്റർ ഫോർ ഫിസിയോതെറാപ്പി ആൻഡ് റീഹാബിലിറ്റേഷൻ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 7:30 മുതൽ വൈകിട്ട് 6:00 വരെ പ്രവർത്തിക്കും. ഞായറാഴ്ചകളിൽ കേന്ദ്രം രാവിലെ 9.30 മുതൽ വൈകിട്ട് 7.30 വരെ പ്രവർത്തിക്കും. ദുബായ് ബ്ലഡ് ഡൊണേഷൻ സെന്റർ രാവിലെ 7 മുതൽ രാത്രി 8.30 വരെ പ്രവർത്തിക്കുന്നതാണ്.

മെഡിക്കൽ ഫിറ്റ്നസ് സെന്ററുകളുടെ പ്രവർത്തന സമയക്രമം:

റാഷിദിയ, അൽ കരാമ, സലേം സ്മാർട്ട് സെന്റർ എന്നീ മെഡിക്കൽ ഫിറ്റ്നസ് സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:00 മുതൽ രാത്രി 10:00 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചവരെയും പ്രവർത്തിക്കുന്നതാണ്. അൽഖൂസ്, ബർ ദുബായ്, അൽ നഹ്ദ, അൽ ഗർഹൂദ്, അൽ യലായസ് സെന്ററുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:00 മുതൽ രാത്രി 10:00 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 7:30 മുതൽ 12:00 വരെയും വൈകിട്ട് 4 മുതൽ രാത്രി 8:30 വരെയും രണ്ട് ഷിഫ്റ്റുകളിലായാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക.

അൽ ലിസൈലി, എമിറേറ്റ്സ് എയർലൈൻസ്, DAFZA, നോളജ് വില്ലേജ് സെന്റർ എന്നിവ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ വൈകിട്ട് 3:30 വരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും പ്രവർത്തന സമയം.

JAFZA, ദുബായ് ഇന്റർനാഷണൽ ഫൈനാൻഷ്യൽ സെന്റർ, എമിറേറ്റ്സ് സെന്റർ എന്നിവ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8:00 മുതൽ വൈകിട്ട് 4:00 വരെയും വെള്ളിയാഴ്ച രാവിലെ 8:00 മുതൽ 12:30 വരെയും തുറന്നിരിക്കും. സബീൽ സെന്റർ, തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7:30 മുതൽ രാത്രി 10:00 വരെയും വെള്ളിയാഴ്ച രാവിലെ 7:30 മുതൽ 12:00 വരെയും പ്രവർത്തിക്കുന്നതാണ്.

ലാൻഡ് ഡിപ്പാർട്ട്‌മെന്റ് സെന്റർ തിങ്കൾ, ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7:30 മുതൽ വൈകിട്ട് 3:30 വരെ തുറന്നിരിക്കും, അൽ മുഹൈസ്‌ന സെന്ററിലെ പ്രവർത്തന സമയം ഞായർ മുതൽ വ്യാഴം വരെ രാപകലില്ലാതെ ആയിരിക്കും. വെള്ളിയാഴ്ച്ചകളിൽ രാവിലെ 7:00 മുതൽ രാത്രി 11:00 വരെ; ഉച്ചയ്ക്ക് 1 മുതൽ 2 വരെ പ്രാർത്ഥനാ ഇടവേള.

COVID-19 പരിശോധനാ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം:

അൽ നാസർ ക്ലബ് സെന്റർ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 7:30 മുതൽ വൈകിട്ട് 3:30 വരെയും മാൾ ഓഫ് എമിറേറ്റ്സ് സെന്റർ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും പ്രവർത്തിക്കുന്നതാണ്.

WAM