COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 17 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

UAE

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 17 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദുബായ് ഇക്കണോമിയുടെ പരിശോധനകൾ എമിറേറ്റിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും തുടരുകയാണ്.

https://twitter.com/Dubai_DED/status/1352647809531584520

ജനുവരി 21-ന് നടത്തിയ പരിശോധനകളിൽ 600 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി. പിഴ ചുമത്തിയ 17 വ്യാപാര സ്ഥാപനങ്ങളിൽ ജീവനക്കാർക്കിടയിൽ മാസ്കുകളുടെ ഉപയോഗത്തിലുള്ള വീഴ്ച്ചകളും, സമൂഹ അകലം ഉറപ്പാക്കുന്നതിലെ വീഴ്ച്ചകളുമാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു.

നായിഫ്, അൽ മുറാർ, അൽ സബ്ക മേഖലകളിലെ വാണിജ്യ കേന്ദ്രങ്ങളിലും, വിവിധ മാളുകളിലുമാണ് അധികൃതർ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയത്. ഫർണിച്ചർ വിപണന കേന്ദ്രം, മൊബൈൽ ഫോൺ വിപണന കേന്ദ്രം, തുണിക്കടകൾ മുതലായ ഇടങ്ങളിൽ അധികൃതർ നിയമലംഘനങ്ങൾ കണ്ടെത്തി.

രോഗവ്യാപനം തടയുന്നതിനും, പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കായും പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുഴുവൻ സ്ഥാപനങ്ങളോടും ദുബായ് ഇക്കണോമി ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ച്ചകളെക്കുറിച്ചുള്ള വിവരങ്ങൾ 600545555 എന്ന നമ്പറിലോ, consumerrights.ae എന്ന വെബ്സൈറ്റിലൂടെയോ, ദുബായ് ഇക്കണോമിയുടെ ആപ്പിലൂടെയോ ഉപഭോക്താക്കൾക്ക് പങ്ക് വെക്കാവുന്നതാണ്.