ദുബായ്: അമിത വില ഈടാക്കിയ സ്ഥാപനങ്ങൾക്കെതിരെ നടപടി

GCC News

കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അവശ്യ വസ്തുക്കൾക്ക് അമിതമായി വില വർദ്ധിപ്പിച്ച് ചൂഷണം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ദുബായ് ഇക്കോണമി അധികൃതർ. നിത്യോപയോഗ സാധനങ്ങൾക്ക് പൊതുജനങ്ങളിൽ നിന്ന് അമിത വില ഈടാക്കിയ 9 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ പിഴ ചുമത്തി.

https://twitter.com/Dubai_DED/status/1249677179354591236

അൽ ഖൂസ്, അൽ വർഖ, അൽ സബ്ക തുടങ്ങിയ ഇടങ്ങളിൽ 5 ഫർമസികൾക്കും, ഒരു സൂപ്പർ മാർക്കറ്റിനും, ഒരു ട്രേഡിങ്ങ് കമ്പനിക്കും എതിരെ ഫേസ് മാസ്കുകൾക്ക് അമിത വില ഈടാക്കിയതിനു നടപടിയെടുത്തു. ഓൺലൈനിലൂടെ ആവശ്യ വസ്തുക്കൾ വിലകൂട്ടി കച്ചവടം ചെയ്ത ഒരു ഇ-കോമേഴ്‌സ് സ്ഥാപനത്തിനെതിരെയും നടപടി കൈക്കൊണ്ടതായി ദുബായ് ഇക്കോണമി അധികൃതർ വ്യക്തമാക്കി.

ഈ സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങളിൽ നിന്നുള്ള പരാതികൾ ലഭിച്ചതിനെ തുടർന്ന് അധികൃതർ പരിശോധന നടത്തിയിരുന്നു. നിലവിൽ പിഴ ചുമത്തപ്പെട്ട ഈ സ്ഥാപനങ്ങൾ ഇത്തരം ചൂഷണങ്ങൾ തുടർന്നാൽ ഇരട്ടി പിഴയും, ലൈസൻസ് റദ്ദാക്കൽ ഉൾപ്പടെയുള്ള ശിക്ഷാ നടപടികളും നേരിടേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു.

ദുബായിൽ അമിതമായി വില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് കൺസ്യൂമർ റൈറ്സ് വെബ്സൈറ്റിലൂടെ പരാതികൾ അറിയിക്കാവുന്നതാണ്.