ദുബായ്: റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് GDRFA അറിയിപ്പ് നൽകി

GCC News

ഈ വർഷത്തെ റമദാനിലെ തങ്ങളുടെ സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (GDRFA) അറിയിപ്പ് നൽകി. 2025 മാർച്ച് 1-നാണ് GDRFA ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം അൽ ജാഫിലിയ, അൽ ത്വാർ, അൽ മനറ എന്നിവടങ്ങളിലെ GDRFA കേന്ദ്രങ്ങളും, എമിറേറ്റിലെ GDRFA-യുടെ അംഗീകൃത സേവനകേന്ദ്രങ്ങളും തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിനങ്ങളിൽ രാവിലെ 9 മണിമുതൽ വൈകീട്ട് 5 വരെ പ്രവർത്തിക്കുന്നതാണ്. വെള്ളിയാഴ്ച്ചകളിൽ ഈ സേവനകേന്ദ്രങ്ങളുടെ പ്രവർത്തനം രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയും, ഉച്ചയ്ക്ക് ശേഷം 2 മുതൽ വൈകീട്ട് 5 വരെയുമായിരിക്കും.

ഉപഭോക്താക്കൾക്ക് GDRFA വെബ്സൈറ്റ്, സ്‍മാർട്ട് ആപ്പ് എന്നിവയിലൂടെ മുഴുവൻ സമയവും സേവനങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് പുറമെ ദുബായ് എയർപോർട്ടിലെ ടെർമിനൽ 3-ൽ പ്രവർത്തിക്കുന്ന കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററിൽ നിന്നും എല്ലാ ദിവസവും ഇരുപത്തിനാല് മണിക്കൂറും സേവനങ്ങൾ ലഭ്യമാണ്.

അൽ അവീർ കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററിൽ നിന്നും എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകീട്ട് 5 വരെ സേവനങ്ങൾ ലഭ്യമാണ്. ഉപഭോക്താക്കളുടെ സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ 8005111 എന്ന ടോൾ ഫ്രീ നമ്പറിൽ നിന്ന് ലഭ്യമാണ്. ഈ നമ്പർ റമദാനിലുടനീളം 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ്.