മേഖലയിലെ ഏറ്റവും വലിയ കലാ സാംസ്കാരിക വിനോദ വാണിജ്യ മേളയായ ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ ആരംഭിച്ചു. 2023 ഒക്ടോബർ 18, ബുധനാഴ്ച വൈകീട്ട് 6 മണിക്കാണ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായി ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസണിൽ പുതിയ വിനോദാകർഷണങ്ങളും, ഷോപ്പിംഗ് അവസരങ്ങളും, ആഗോളതലത്തിൽ നിന്നുള്ള ഭക്ഷ്യവിരുന്നുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. യു എ ഇയിൽ നിന്നും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന സന്ദർശകർക്ക് മറക്കാനാകാത്ത അനുഭവങ്ങൾ ഒരുക്കി ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ കാത്തിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തെട്ടാം സീസൺ 2023 ഒക്ടോബർ 18 മുതൽ 2024 ഏപ്രിൽ 28 വരെ നീണ്ട് നിൽക്കും. ഇത്തവണത്തെ ഗ്ലോബൽ വില്ലേജിൽ സന്ദർശകർക്കായി 27 പവലിയനുകൾ, 3500-ൽ പരം വ്യാപാരശാലകൾ, 250-ൽ പരം ഭക്ഷണശാലകൾ എന്നിവ ഒരുക്കിയിട്ടുണ്ട്.
ഗ്ലോബൽ വില്ലജിന്റെ ഇത്തവണത്തെ സീസണിൽ സന്ദർശകർക്കായി സംഗീതപരിപാടികൾ, സ്ട്രീറ്റ് ഷോകൾ, കുട്ടികൾക്കുള്ള പരിപാടികൾ എന്നിവ ഉൾപ്പടെ നാല്പത്തിനായിരത്തിലധികം വിനോദപരിപാടികൾ സംഘടിപ്പിക്കുന്നതാണ്. ഇതിൽ സൈബർ സിറ്റി സ്റ്റണ്ട് ഷോ ഇത്തവണത്തെ പ്രത്യേകതയാണ്.
ലോകത്തിലെ ഏറ്റവും വലിയ അണ്ടർവാട്ടർ എൽ ഇ ഡി സ്ക്രീനിന് മുകളിൽ ഒരുക്കിയിട്ടുള്ള ഡ്രാഗൺ ലേക്കിലെ ലേസർ ഷോകൾ, 3D പ്രൊജക്ഷൻ ഷോകൾ, മിനി വേൾഡ്, എല്ലാ വെള്ളി, ശനി ദിനങ്ങളിലും രാത്രി 9 മണിക്ക് സംഘടിപ്പിക്കുന്ന അതിഗംഭീരമായ കരിമരുന്ന് പ്രദർശനം എന്നിവ ഉൾപ്പടെ എക്കാലവും ഓർത്ത് വെക്കാനാകുന്ന നിരവധി ആകർഷണങ്ങളാണ് ഇത്തവണ ഗ്ലോബൽ വില്ലേജിൽ എത്തുന്നവരെ കാത്തിരിക്കുന്നത്.
സന്ദർശകർക്ക് അധികമൂല്യമുള്ള അനുഭവങ്ങളും, പാരിതോഷികങ്ങളും നൽകുന്ന ഗ്ലോബൽ വില്ലേജ് വി ഐ പി പാക്കുകളുടെ വിൽപ്പന നേരത്തെ ആരംഭിച്ചിരുന്നു.
ഗ്ലോബൽ വില്ലേജിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് 22.50 ദിർഹമാണ് പ്രവേശന നിരക്കായി ഈടാക്കുന്നത്. എന്നാൽ ഗ്ലോബൽ വില്ലേജ് വേദിയിലെ ഗേറ്റിൽ നിന്ന് ടിക്കറ്റ് എടുക്കുന്നവരിൽ നിന്ന് 25 ദിർഹം ഈടാക്കുന്നതാണ്.
ഗ്ലോബൽ വില്ലേജ് പ്രവർത്തന സമയം:
- ഞായർ – ബുധൻ വരെയുള്ള ദിനങ്ങളിൽ – വൈകീട്ട് 4 മുതൽ രാത്രി 12 മണിവരെ.
- വ്യാഴം, വെള്ളി, ശനി, മറ്റു പൊതു അവധി ദിനങ്ങൾ – വൈകീട്ട് 4 മുതൽ രാത്രി 1 മണിവരെ.
2023 ഏപ്രിൽ 30-ന് സമാപിച്ച ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തേഴാം സീസൺ സന്ദർശകരുടെ എണ്ണത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു.
Cover Image: Dubai Media Office.