ദുബായ്: ഒക്ടോബർ 7 മുതൽ അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് ഇന്ത്യൻ കോൺസുലേറ്റ്

featured GCC News

2024 ഒക്ടോബർ 7 മുതൽ പ്രവാസി ഇന്ത്യക്കാർക്കായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നൽകിവരുന്ന അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിൽ നിന്ന് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

“SG IVS Global” എന്ന സ്ഥാപനമാണ് ഇന്ത്യൻ കോൺസുലേറ്റിൽ നിന്നുള്ള അറ്റസ്റ്റേഷൻ സേവനങ്ങൾ നൽകിവരുന്നത്. ഇവരുടെ ഔദ്യോഗിക വെബ്സൈറ്റായ https://sgivs.com/ എന്ന വിലാസത്തിൽ നൽകിയിട്ടുള്ള ഒരു പ്രത്യേക അറിയിപ്പിലൂടെയാണ് അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്ന വിവരം അധികൃതർ അറിയിച്ചിരിക്കുന്നത്.

2024 ഒക്ടോബർ 7, തിങ്കളാഴ്ച മുതൽ “SG IVS Global” സേവനകേന്ദ്രത്തിന്റെ പ്രവർത്തനം ദുബായിലെ ഔദ് മേത്തയിലെ അൽ നാസർ സെൻട്രലിൽ ഓഫീസ് നമ്പർ 302, 104 എന്ന വിലാസത്തിൽ നിന്നായിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഔദ് മേത്തയിൽ ബിസിനസ് അട്രിയം ബിൽഡിംഗിലെ ഒന്നാം നിലയിലെ 102, 103, 104 എന്നീ മുറികളിൽ നിന്നാണ് നിലവിൽ ഈ സ്ഥാപനം ഇത്തരം സേവനങ്ങൾ നൽകുന്നത്.

ദുബായിലെയും, നോർത്തേൺ എമിറേറ്റുകളിലെയും ഇന്ത്യൻ പ്രവാസികൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ സേവനങ്ങൾ നൽകുന്നതിനായാണ് വിശാലമായ കാത്തിരിപ്പ് മുറികളോട് കൂടിയ പുതിയ കേന്ദ്രത്തിലേക്ക് ഈ സേവനങ്ങൾ മാറ്റുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

അറ്റസ്റ്റേഷൻ സേവനങ്ങൾ പുതിയ കേന്ദ്രത്തിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി ഈ കേന്ദ്രം 2024 ഒക്ടോബർ 5-ന് പ്രവർത്തിക്കുന്നതല്ല.