ദുബായ്: പുതിയ ആരോഗ്യ നിയമം പ്രഖ്യാപിച്ചു; എമിറേറ്റിലേക്ക് പ്രവേശിക്കുന്നവർക്ക് നിബന്ധനകൾ ബാധകം

GCC News

ദുബായിലെ പൊതുജനാരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ടുള്ള ഒരു പുതിയ ആരോഗ്യ നിയമം പ്രഖ്യാപിച്ചു. ഇതിനായി യു എ ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2025-ലെ നിയമം നമ്പർ (5) പുറപ്പെടുവിച്ചിട്ടുണ്ട്.

എമിറേറ്റിലെ പൊതുജനാരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തിന്റെയും പരിസ്ഥിതിയുടെയും ക്ഷേമം സംരക്ഷിക്കുന്നതിനുമായാണ് ഈ തീരുമാനം. രോഗ പ്രതിരോധം, ആരോഗ്യ സംരക്ഷണം, ഭക്ഷണ, ഉൽപ്പന്ന സുരക്ഷ, മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള സുസ്ഥിര ശ്രമങ്ങൾ എന്നീ മേഖലകളിൽ ഈ നിയമം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

പ്രാദേശികവും അന്തർദേശീയവുമായ ആരോഗ്യ നിയന്ത്രണങ്ങളിലൂടെയും, മുൻകരുതൽ നടപടികളിലൂടെയും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള രീതികളിലൂടെയും ദുബായിലെ വ്യക്തികളെയും സമൂഹങ്ങളെയും ബാധിക്കുന്ന ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിന് ഈ നിയമം ലക്ഷ്യമിടുന്നു.

ആരോഗ്യ അപകടസാധ്യതകളെയും പ്രതിരോധ രീതികളെയും കുറിച്ചുള്ള പൊതുജന അവബോധം വർദ്ധിപ്പിക്കുക, പൊതുഉത്തരവാദിത്തം പ്രോത്സാഹിപ്പിക്കുക, നിക്ഷേപം ആകർഷിക്കുന്ന ഒരു സുസ്ഥിര അന്തരീക്ഷം വളർത്തുക എന്നിവയും ഈ നിയമം ലക്ഷ്യമിടുന്നു. പൊതുജനാരോഗ്യ മത്സരക്ഷമതയിൽ യു എ ഇയുടെ ആഗോള സ്ഥാനം വർദ്ധിപ്പിക്കാനും ഇത് ശ്രമിക്കുന്നു.

ദുബായ് ഹെൽത്ത് അതോറിറ്റി, ദുബായ് മുനിസിപ്പാലിറ്റി, ദുബായ് എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് അതോറിറ്റി, ദുബായ് അക്കാദമിക് ഹെൽത്ത് കോർപ്പറേഷൻ, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് എന്നിവയുൾപ്പെടെയുള്ള സാംക്രമിക രോഗങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രസക്തമായ വകുപ്പുകളുടെ പങ്കും ഉത്തരവാദിത്തങ്ങളും ഈ നിയമം നിർവചിക്കുന്നു. ദുബായ് ഹെൽത്ത് അതോറിറ്റി ലൈസൻസുള്ള പൊതു, സ്വകാര്യ സൗകര്യങ്ങൾ ഉൾപ്പെടെ ദുബായിലെ ആരോഗ്യ സംരക്ഷണ ദാതാക്കളുടെ കടമകളും ഇത് വിശദീകരിക്കുന്നു.

എമിറേറ്റിലേക്കെത്തുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള പൊതുആരോഗ്യ നിബന്ധനകൾ സംബന്ധിച്ചും ഈ നിയമം വ്യക്തമാക്കുന്നു. ഇത് പ്രകാരം ദുബായിലെത്തുന്ന യാത്രക്കാർ എമിറേറ്റിലെ ഔദ്യോഗിക ആരോഗ്യ പ്രോട്ടോക്കോളുകൾ പാലിക്കുകയും, ദുബായുടെ പ്രവേശന കവാടങ്ങളിൽ അധികൃതർ ആവശ്യപ്പെടുന്ന ആരോഗ്യ വിവരങ്ങൾ നൽകുകയും ചെയ്യേണ്ടതാണ്.

ഇവർ സംശയിക്കപ്പെടുന്നതോ സ്ഥിരീകരിച്ചതോ ആയ പകർച്ചവ്യാധികൾ ദുബായിലേക്കുള്ള പ്രവേശനകവാടങ്ങളിൽ നിർബന്ധമായും റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഇവരിൽ ഏതെങ്കിലും തരത്തിലുള്ള രോഗബാധ സംശയിക്കുന്നവർ ആരോഗ്യസുരക്ഷ മുൻനിർത്തി മാസ്കുകളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ മുൻകരുതൽ മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്.

രോഗബാധയുള്ളവരോ, രോഗബാധ സംശയിക്കുന്നവരോ ആയ യാത്രികർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കേണ്ടതും, ദുബായിലെത്തിയ ശേഷമുള്ള യാത്രകൾ ഒഴിവാക്കേണ്ടതും (ദുബായ് ഹെൽത്ത് കെയർ അതോറിറ്റിയുടെ അനുമതിയോടെ ആരോഗ്യ പരിചരണകേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ഒഴികെ), ആരോഗ്യ സ്ഥിതി, രോഗബാധ എന്നിവ സംബന്ധിച്ച വിവരങ്ങൾ അധികൃതരിൽ നിന്ന് മറച്ച് വെക്കാൻ ശ്രമിക്കാതിരിക്കുകയും, ആരോഗ്യ മേഖലയിലെ അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതുമാണ്.

ഈ നിയമം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 90 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരുന്നതാണ്.