ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന എമ്മാർ പ്രോപ്പർടീസ് സ്റ്റേഷന്റെ വാസ്തുവിദ്യാ രൂപകൽപനയ്ക്ക് ദുബായ് ഭരണാധികാരി അംഗീകാരം നൽകി. 2025 ജൂൺ 9-ന് ദുബായ് മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
المحطة الأيقونية ضمن الخط الأزرق لمترو دبي … إعمار العقارية
— Dubai Media Office (@DXBMediaOffice) June 9, 2025
Iconic Emaar Properties Station, part of the Dubai Metro Blue Line @rta_dubai I @emaardubai pic.twitter.com/tRBsKOEL9o
ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ ഭാഗമായുള്ള ആദ്യ മെട്രോ സ്റ്റേഷന് യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം 2025 ജൂൺ 9, തിങ്കളാഴ്ച തറക്കല്ലിട്ടിരുന്നു.

ഈ ചടങ്ങിനിടയിലാണ് ഏറ്റവും ഉയരമേറിയ മെട്രോ സ്റ്റേഷനായി മാറാനൊരുങ്ങുന്ന എമ്മാർ പ്രോപ്പർടീസ് സ്റ്റേഷന്റെ വാസ്തുവിദ്യാ രൂപകൽപനയ്ക്ക് അദ്ദേഹം അംഗീകാരം നൽകിയത്.

74 മീറ്റർ ഉയരത്തിലാണ് ഇത് നിർമ്മിക്കുന്നത്. ഈ സ്റ്റേഷന്റെ നാമം ഔദ്യോഗികമായി എമ്മാർ പ്രോപ്പർടീസ് സ്റ്റേഷൻ എന്ന് നൽകുന്നതിനുള്ള അനുമതി അടുത്ത പത്ത് വർഷത്തേക്കാണ് എമ്മാർ കരസ്ഥമാക്കിയിരിക്കുന്നത്.

“ദുബായ്: ഭാവിയിലേക്കുള്ള പടിവാതിൽ” എന്ന ആശയത്തിലൂന്നിയാണ് ഈ സ്‌റ്റേഷൻ രൂപകൽപന ചെയ്തിരിക്കുന്നത്.

ഏതാണ്ട് 11000 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ പ്രതിദിനം 160000 യാത്രികരെ ഉൾക്കൊള്ളാനാകുന്ന രീതിയിലാണ് എമ്മാർ പ്രോപ്പർടീസ് സ്റ്റേഷൻ നിർമ്മിക്കുന്നത്.
ആകെ 56 ബില്യൺ ദിർഹം നിക്ഷേപമുള്ള ബ്ലൂ ലൈൻ പദ്ധതി മുപ്പത് കിലോമീറ്റർ നീളത്തിൽ, 14 മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടുത്തിയാണ് നിർമ്മിക്കുന്നത്. ഇതോടെ ദുബായ് മെട്രോയുടെ ഭാഗമായുള്ള റെയിൽവേ ശൃംഖലയുടെ ആകെ നീളം 131 കിലോമീറ്റർ ആകുന്നതാണ്.
Cover Image: Dubai Media Office.