ദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതി ഉദ്‌ഘാടനം ചെയ്തു

UAE

ദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരണ പദ്ധതിയായ, റൂട്ട് 2020-യുടെ ഔദ്യോഗിക ഉദ്‌ഘാടനം യു എ ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർവഹിച്ചു. ദുബായ് മെട്രോ റെഡ് ലൈനും, എക്സ്‌പോ 2020 വേദിയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ 15 കിലോമീറ്റർ ദൂരമുള്ള പുതിയ മെട്രോ ലൈൻ, ജൂലൈ 8-നു ഉച്ചയോടെയാണ് ഉദ്‌ഘാടനം ചെയ്‌തത്‌.

റൂട്ട് 2020 പൊതുജനങ്ങൾക്കായി ഈ വർഷം സെപ്റ്റംബർ മുതൽ തുറന്നു കൊടുക്കും. നിലവിൽ 7 സ്റ്റേഷനുകളാണ് ഈ പുതിയ മെട്രോ ലൈനിൽ ഉള്ളത്.

“47 മാസങ്ങൾക്ക് മുൻപ് ഞങ്ങൾ 11 ബില്യൺ ദിർഹം ചെലവിൽ ദുബായ് മെട്രോ റെഡ് ലൈൻ വിപുലീകരിക്കുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. ഇന്ന് ആ പദ്ധതി യാഥാർഥ്യമാകുകയാണ്. 50 മെട്രോ തീവണ്ടികൾ, 7 സ്റ്റേഷനുകൾ, ദിനംപ്രതി 125000 യാത്രികർ… 12000 എഞ്ചിനീയർമാരും, ജീവനക്കാരും ചേർന്ന് 80 മില്യൺ പ്രവർത്തനമണിക്കൂറുകൾക്കൊണ്ട്, ഞങ്ങൾ വാഗ്ദാനം ചെയ്‌ത പദ്ധതി സമയബന്ധിതമായി യാഥാർഥ്യമാക്കി. ഞങ്ങൾ ചെയ്യുന്നത് പറയുന്നു… പറയുന്നത് ചെയ്‌ത് കാണിക്കുന്നു… ഇതാണ് ദുബായ്…”, പദ്ധതിയുടെ ഉദ്‌ഘാടനത്തിനു ശേഷം ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ ഈ നേട്ടം പങ്ക് വെച്ചുകൊണ്ട് കുറിച്ചു.

റൂട്ട് 2020 കൂടി ചേരുന്നതോടെ ദുബായ് മെട്രോയുടെ ആകെ നീളം 90 കിലോമീറ്ററാകും. ദുബായ് മറീനയിൽ നിന്ന് എക്സ്‌പോ 2020 വേദിയിലേക്ക് കേവലം 16 മിനിറ്റ് കൊണ്ടുള്ള യാത്ര ഈ ലൈൻ പ്രവർത്തനമാരംഭിക്കുന്നതോടെ സാധ്യമാകും.