COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 2 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അടച്ച്‌ പൂട്ടി

UAE

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 2 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അധികൃതർ അടച്ച്‌ പൂട്ടി. രോഗവ്യാപനം തടയുന്നതിനും, സുരക്ഷാ നിർദ്ദേശങ്ങളെ കുറിച്ച് അവബോധം ഉളവാക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദുബായ് മുൻസിപ്പാലിറ്റിയുടെയും, ദുബായ് ഇക്കണോമിയുടെയും പരിശോധനകൾ എമിറേറ്റിലുടനീളമുള്ള വ്യാപാര കേന്ദ്രങ്ങളിലും, വാണിജ്യ സ്ഥാപനങ്ങളിലും തുടരുകയാണ്.

വാണിജ്യ സ്ഥാപനങ്ങളിൽ ജനുവരി 13-ന്, നടത്തിയ പരിശോധനകളിലാണ് ദുബായ് മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർ ഈ വീഴ്ച്ചകൾ കണ്ടെത്തിയത്. ഈ പരിശോധനകളിൽ 2240 സ്ഥാപനങ്ങളിൽ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് അധികൃതർ കണ്ടെത്തി.

ഔദ് മേത്ത, അൽ കറാമ എന്നിവിടങ്ങളിലെ രണ്ട് ശിഷാ കഫെകളാണ് ദുബായ് മുൻസിപ്പാലിറ്റി അധികൃതർ നിയമ ലംഘനങ്ങളുടെ പേരിൽ അടച്ച്‌പൂട്ടിയത്. ഈ പരിശോധനകളുടെ ഭാഗമായി 37 സ്ഥാപനങ്ങൾക്ക് താക്കീത് നൽകിയതായും അധികൃതർ വ്യക്തമാക്കി.