COVID-19 ആരോഗ്യ സുരക്ഷാ പെരുമാറ്റച്ചട്ടങ്ങളുടെ ഭാഗമായി ദുബായിലെ കെട്ടിട നിർമ്മാണ മേഖലയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയതായും, പരിശോധനകൾ ശക്തമാക്കിയതായും ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു. ഈ തീരുമാനപ്രകാരം ദുബായിലെ നിർമ്മാണ മേഖലയിലും, തൊഴിലാളികളുടെ താമസയിടങ്ങളിലും ശുചീകരണ പരിപാടികൾ തീവ്രമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ മേഖലയിലെ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. പൊതുസമൂഹത്തിന്റെയും നിർമ്മാണമേഖലയിലെ തൊഴിലാളികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ നിർദ്ദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ മുൻസിപ്പാലിറ്റി ബന്ധപ്പെട്ടവരോട് ആവശ്യപെട്ടിട്ടുണ്ട്.
കെട്ടിട നിർമ്മാണ മേഖലയിലെ സുരക്ഷാ നിർദേശങ്ങൾ:
- മാസ്കുകളും കയ്യുറകളും നിർബന്ധം.
- അണുനശീകരണ സംവിധാനങ്ങൾ നിർബന്ധം.
- തൊഴിലാളികളുടെ ശരീരോഷ്മാവ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. ഇവ പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
- സമൂഹ അകലം ഉറപ്പാക്കണം. തൊഴിലാളികൾ കൂട്ടം ചേരുന്നത് ഒഴിവാക്കണം.
- വാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ തൊഴിലാളികൾ സമൂഹ അകലം പാലിക്കണം.
- പണി നടക്കുന്ന കെട്ടിടങ്ങളുടെ പരിസരം അണുവിമുക്തമാക്കണം.
- മാലിന്യ നിർമ്മാർജ്ജനത്തിനായി സൗകര്യങ്ങൾ ഒരുക്കണം.
- വെയർ ഹൗസ് തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ വസ്ത്രങ്ങൾ ഉറപ്പാക്കണം.
- സമൂഹ അകലം ഉറപ്പാക്കാൻ തൊഴിലാളികളുടെ ഇടവേളകൾ പല ഘട്ടങ്ങളിലായി നൽകണം.
- ഭക്ഷണത്തിനായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ളേറ്റ്, ഗ്ലാസ് മുതലായവ ഉറപ്പാക്കണം.
ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി മുൻസിപ്പൽ അധികൃതർ നിർമ്മാണ മേഖലയിൽ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ 2 മാസത്തിനിടെ നിർമ്മാണത്തിലിരിക്കുന്ന 12331 കെട്ടിടങ്ങളിലായി 50000-ത്തോളം പരിശോധനകൾ നടത്തിയതായി അധികൃതർ വ്യക്തമാക്കി.
Photo: WAM