ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. ഏപ്രിൽ 8-നാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയിട്ടുള്ളത്.
ദുബായിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിന്റെ നിർദ്ദേശങ്ങൾ പ്രകാരമാണ് ഈ സുരക്ഷാ മാനദണ്ഡങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. റമദാനിലെ ആദ്യ ദിനം മുതൽ എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ, ശീഷ പാർലറുകൾ മുതലായ സ്ഥാപനങ്ങൾക്ക് ഈ സുരക്ഷാ മാനദണ്ഡങ്ങൾ ബാധകമാണ്.
ഈ നിർദ്ദേശപ്രകാരം, റമദാനിൽ എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ, ശീഷ പാർലറുകൾ മുതലായ സ്ഥാപനങ്ങൾ ദിനവും പുലർച്ചെ 4 മണിയോടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇത്തരം സ്ഥാപനങ്ങളിൽ ദിനവും പുലർച്ചെ 3 മണിയോടെ പാർസൽ ഓർഡറുകൾ സ്വീകരിക്കുന്ന സേവനങ്ങൾ നിർത്തേണ്ടതാണ്.
ഈ നിർദ്ദേശങ്ങൾ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി കർശനമായ പരിശോധനകൾ റമദാനിലുടനീളം നടപ്പിലാക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. സുരക്ഷാ വീഴ്ച്ചകൾ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.