ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റുമായി ബന്ധപ്പെട്ട് എമിറേറ്റിലെത്തുന്ന സന്ദർശകർ പാലിക്കേണ്ട നിർദ്ദേശങ്ങൾ സംബന്ധിച്ച് ദുബായ് പോലീസ് അറിയിപ്പ് നൽകി. 2022 നവംബർ 19-നാണ് ദുബായ് പോലീസ് ലോകകപ്പ് സന്ദർശകർക്കായി ഒരു പ്രത്യേക സന്ദർശക ഗൈഡ് പുറത്തിറക്കിയത്.
“ലോകകപ്പ് വേളയിൽ ദുബായ് നിങ്ങളെ സ്വാഗതം ചെയ്യുന്നു. സഹിഷ്‌ണുതയുടെയും, സുതാര്യതയുടെയും ഈ നഗരത്തെ പരമാവധി ആസ്വദിക്കൂ. പ്രാദേശിക നിയമങ്ങളോടും, സമൂഹത്തോടുമുള്ള ബഹുമാനത്തോടെ ഫുട്ബോളുമായി ബന്ധപ്പെട്ട നിങ്ങളുടെ വികാരവിക്ഷോഭങ്ങളെ പ്രകടിപ്പിക്കുന്നതിന് ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു.”, ഈ ഗൈഡ് പങ്ക് വെച്ചുകൊണ്ട് ദുബായ് പോലീസ് അറിയിച്ചു.
https://www.dubaipolice.gov.ae/portal/public/dpworld.pdf എന്ന വിലാസത്തിൽ ലഭ്യമാക്കിയിട്ടുള്ള ഈ ഗൈഡ് പ്രകാരം, ദുബായിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം കാണുന്നതിനുള്ള ഇടങ്ങൾ, പ്രധാനപ്പെട്ട ഫോൺ നമ്പറുകൾ, യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ എന്നിവയ്‌ക്കൊപ്പം ഫുട്ബാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സന്ദർശകർ പാലിക്കേണ്ട നിയമങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദുബായിൽ ഫുട്ബാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സന്ദർശകർ പാലിക്കേണ്ട നിയമങ്ങൾ/ നിർദ്ദേശങ്ങൾ:
- പൊതുഇടങ്ങളിൽ മദ്യപിക്കുകയോ, മദ്യം കൈവശം കരുതുകയോ ചെയ്യരുത്.
- സ്‌നേഹ വികാരങ്ങൾ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കരുത്.
- മയക്കുമരുന്നുകൾ ഉപയോഗിക്കുകയോ, കൈവശം സൂക്ഷിക്കുകയോ, വിതരണം ചെയ്യുകയോ ചെയ്യരുത്.
- അനധികൃതമായി പ്രവർത്തിക്കുന്ന മസാജ് പാർലറുകൾ, അവയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ എന്നിവയുടെ പ്രലോഭനങ്ങളിൽ വീഴരുത്.
- ഫോട്ടോ എടുക്കുന്ന അവസരത്തിൽ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കേണ്ടതാണ്.
- പൊതുമുതലുകൾ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്.
- മറ്റുള്ളവർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഒഴിവാക്കുന്നതിനായി ഫുട്ബാൾ ആഘോഷങ്ങൾ അവയ്ക്കായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങളിൽ മാത്രമാക്കി ഒതുക്കേണ്ടതാണ്.
- മതം, മറ്റു വിഷയങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം, രാഷ്ട്രീയപരമായ തർക്കങ്ങൾ എന്നിവ അനുവദിക്കുന്നതല്ല.
- ഫുട്ബോളുമായി ബന്ധപ്പെട്ട് കളിയിലെ മാന്യത പുലർത്തേണ്ടതും, ഭ്രാന്തമായ ആവേശം ഒഴിവാക്കേണ്ടതുമാണ്.
- പൊതുഇടങ്ങളിൽ നിങ്ങളുടെ ലഗേജ് വെച്ച് പോകരുത്.
- വിനോദപരിപാടികൾ സംഘടിപ്പിക്കുന്നവർ ഇതിനുള്ള മുൻകൂർ അനുമതി നേടിയിരിക്കേണ്ടതാണ്.
- ആഘോഷങ്ങൾക്കായി സ്മോക് ഫ്ളെയറുകൾ പോലുള്ള വസ്തുക്കൾ ഉപയോഗിക്കരുത്.
- ടാക്സികളിൽ സഞ്ചരിക്കുന്നവർ ടാക്സി നമ്പർ അല്ലെങ്കിൽ റെസീറ്റ് സൂക്ഷിച്ച് വെക്കുന്നത്, വാഹനത്തിൽ എന്തെങ്കിലും മറന്ന് വെക്കുന്ന സാഹചര്യത്തിൽ അവ കണ്ടെത്തുന്നതിന് സഹായകമാകുന്നതാണ്.
പ്രധാനപ്പെട്ട നമ്പറുകൾ:
- ദുബായ് പോലീസ് – അടിയന്തിര ഘട്ടങ്ങളിൽ: 999.
- ദുബായ് പോലീസ് – അന്വേഷണങ്ങൾക്ക്: 901.
- ആംബുലൻസ്: 998/ 999.
- സിവിൽ ഡിഫൻസ്/ ഫയർ ഡിപ്പാർട്മെന്റ്: 997.