ദുബായ്: ഈദുൽ അദ്ഹ അവധി ദിനങ്ങളിലെ മെട്രോ, ബസ് തുടങ്ങിയ പൊതു ഗതാഗത സംവിധാനങ്ങളിലെ സമയക്രമം

featured GCC News

ഈ വർഷത്തെ ഈദുൽ അദ്ഹ അവധിയുമായി ബന്ധപ്പെട്ട് ബസ്, മെട്രോ മുതലായ വിവിധ പൊതുഗതാഗത സംവിധാനങ്ങളിലെ സമയക്രമങ്ങളിലുള്ള മാറ്റങ്ങൾ, ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ RTA നൽകുന്ന സേവനങ്ങളായ ബസ്, മെട്രോ, ട്രാം, ജലഗതാഗത സംവിധാനങ്ങൾ, കസ്റ്റമർ കെയർ സെന്ററുകൾ, വാഹന പരിശോധനാ കേന്ദ്രങ്ങൾ, പാർക്കിങ്ങ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ ഈ അറിയിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

ജൂലൈ 14-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്. ബലിപ്പെരുന്നാൾ അവധി ദിനങ്ങളിൽ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോൾ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും RTA പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മെട്രോ സമയങ്ങൾ

റെഡ് ലൈൻ

  • ജൂലൈ 19 മുതൽ 22 വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
  • ജൂലൈ 23, വെള്ളിയാഴ്ച – രാവിലെ 10 മുതൽ രാത്രി 1 മണി വരെ.
  • ജൂലൈ 24, ശനിയാഴ്ച – രാവിലെ 5 മുതൽ അർദ്ധരാത്രി വരെ.

ഗ്രീൻ ലൈൻ

  • ജൂലൈ 19 മുതൽ 22 വരെ – രാവിലെ 5 മുതൽ രാത്രി 1 മണി വരെ.
  • ജൂലൈ 23, വെള്ളിയാഴ്ച – രാവിലെ 10 മുതൽ രാത്രി 1 മണി വരെ.
  • ജൂലൈ 24, ശനിയാഴ്ച – രാവിലെ 5 മുതൽ അർദ്ധരാത്രി വരെ.

ട്രാം സമയങ്ങൾ

  • ജൂലൈ 19 മുതൽ 22 വരെ – രാവിലെ 6 മുതൽ രാത്രി 1 മണി വരെ.
  • ജൂലൈ 23, വെള്ളിയാഴ്ച – രാവിലെ 10 മുതൽ രാത്രി 1 മണി വരെ.
  • ജൂലൈ 24, ശനിയാഴ്ച – രാവിലെ 6 മുതൽ അർദ്ധരാത്രി വരെ.

ബസ് സമയങ്ങൾ

ദുബായ് ബസ്

  • ഗോൾഡ് സൂഖ് ഉൾപ്പടെയുള്ള പ്രധാന സ്റ്റേഷനുകൾ രാവിലെ 4.30 മുതൽ രാത്രി 12.30 വരെ.
  • അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 4.15 മുതൽ രാത്രി 1 വരെ.
  • സത്വ ഉൾപ്പടെയുള്ള സബ് സ്റ്റേഷനുകൾ – രാവിലെ 4.30 മുതൽ രാത്രി 11:00 വരെ. (റൂട്ട് C01 ഒഴികെ – C01 മുഴുവൻ സമയവും സത്വയിൽ നിന്ന് പ്രവർത്തിക്കുന്നതാണ്.)
  • അൽ ഖുസൈസ് സ്റ്റേഷൻ – രാവിലെ 4:30 മുതൽ രാത്രി 12:04 വരെ.
  • അൽ ഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ – രാവിലെ 05:05 മുതൽ രാത്രി 11:30 വരെ.
  • ജബൽ അലി സ്റ്റേഷൻ – രാവിലെ 04:58 മുതൽ രാത്രി 12:15 വരെ.

മെട്രോ ലിങ്ക് ബസ്

റാഷിദിയ, എമിറേറ്സ്, ദുബായ് മാൾ, അബു ഹൈൽ, എത്തിസലാത് എന്നിവിടങ്ങളിൽ മെട്രോ ലിങ്ക് ബസുകൾ രാവിലെ 5:00 മുതൽ രാത്രി 1:10 വരെ പ്രവർത്തിക്കുന്നതാണ്. മെട്രോ പ്രവർത്തനസമയങ്ങളുമായി ബന്ധപ്പെടുത്തിയാണ് മെട്രോ ലിങ്ക് ബസുകൾ പ്രവർത്തിക്കുന്നത്.

ഇന്റർസിറ്റി ബസ്

  • അൽ ഗുബൈബ സ്റ്റേഷൻ – രാവിലെ 6.40 മുതൽ രാത്രി 10.20 വരെ.
  • യൂണിയൻ സ്‌ക്വയർ സ്റ്റേഷൻ – രാവിലെ 04:25 മുതൽ രാത്രി 12.15 വരെ.
  • എത്തിസലാത് മെട്രോ സ്റ്റേഷൻ – രാവിലെ 6 മുതൽ രാത്രി 9 വരെ.
  • അബു ഹൈൽ മെട്രോ സ്റ്റേഷൻ – രാവിലെ 6.20 മുതൽ രാത്രി 10.40 വരെ.
  • ഹത്ത സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 9.30 വരെ.
  • അൽ ജുബൈൽ സ്റ്റേഷൻ – രാവിലെ 5.30 മുതൽ രാത്രി 9.30 വരെ.
  • അജ്മാൻ സ്റ്റേഷൻ – രാവിലെ 4.30 മുതൽ രാത്രി 11.15 വരെ.

ജലഗതാഗത സംവിധാനങ്ങൾ

വാട്ടർ ബസ്

മറീന മാൾ, മറീന വാക്, മറീന ടെറസ്, മറീന പ്രൊമനൈഡ്‌ എന്നീ മറീന സ്റ്റേഷനുകളിൽ നിന്ന് ഉച്ചക്ക് 12 മുതൽ അർദ്ധരാത്രി വരെ. ടൂറിസ്റ്റ് സേവനങ്ങൾ – വൈകീട്ട് 4 മുതൽ രാത്രി 11 വരെ. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ഉച്ചയ്ക്ക് 12 മുതൽ രാത്രി 8 വരെ വാട്ടർ ടാക്സി സേവനങ്ങൾ ലഭ്യമാണ്. ഇതിന് മുൻ‌കൂർ ബുക്കിംഗ് ആവശ്യമാണ്.

അബ്ര

  • ദുബായ് ക്രീക്ക് സ്റ്റേഷനിൽ നിന്ന് രാവിലെ 10 മുതൽ രാത്രി 1:00 വരെ.
  • അൽ ഫാഹിദി – അൽ സബ്ക – രാവിലെ 10 മുതൽ രാത്രി 12.30 വരെ.
  • അൽ ഫാഹിദി – ദെയ്‌റ ഓൾഡ് സൂഖ് – രാവിലെ 10 മുതൽ രാത്രി 12.30 വരെ.
  • ബനിയസ് – അൽ സീഫ് – രാവിലെ 10 മുതൽ രാത്രി 1:00 വരെ.
  • ദുബായ് ഓൾഡ് സൂഖ് – അൽ ഫാഹിദി – അൽ സീഫ് – വൈകീട്ട് 4 മുതൽ രാത്രി 11:00 വരെ.
  • അൽ ജദ്ദാഫ് – ദുബായ് ഫെസ്റ്റിവൽ സിറ്റി – രാവിലെ 8 മുതൽ രാത്രി 12 വരെ.

ഫെറി

  • ദുബായ് മറീന – അൽ ഗുബൈബ – രാവിലെ 11:00, ഉച്ചയ്ക്ക് 01:00, വൈകീട്ട് 06:30 എന്നീ സമയങ്ങളിൽ. ഇതിൽ രാവിലെ 11 മണിക്കുള്ള സർവീസിന് ദുബായ് വാട്ടർ കനാലിൽ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.
  • ദുബായ് മറീന മാൾ സ്റ്റേഷനിൽ നിന്നുള്ള ടൂറിസ്റ്റ് സർവീസ് – വൈകീട്ട് 03:00, 05:00
  • അൽ ഗുബൈബ സ്റ്റേഷനിൽ നിന്നുള്ള ടൂറിസ്റ്റ് സേവനങ്ങൾ വൈകീട്ട് 05:00.

വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും

RTA-യുടെ വാഹന പരിശോധനാ കേന്ദ്രങ്ങളും, കസ്റ്റമർ കെയർ സെന്ററുകളും ജൂലൈ 19 മുതൽ ജൂലൈ 22 വരെ അവധിയായിരിക്കും. എന്നാൽ ഉം രമൂൽ, ദെയ്‌റ, അൽ ബർഷ, അൽ മനറ എന്നിവിടങ്ങളിലും, RTA ഹെഡ് ഓഫീസിലും പ്രവർത്തിക്കുന്ന RTA-യുടെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ്സ് സെന്ററുകൾ 24 മണിക്കൂറും സേവനങ്ങൾ നൽകുന്നതാണ്.

വാഹന പാർക്കിങ്ങ്

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും (ബഹുനില പാർക്കിങ്ങ് സംവിധാനങ്ങൾ ഒഴികെ) 2021 ജൂലൈ 19, തിങ്കളാഴ്ച്ച മുതൽ ജൂലൈ 23, വെള്ളിയാഴ്ച്ച വരെ വാഹന പാർക്കിംഗ് സൗജന്യമാക്കിയതായി RTA അറിയിച്ചിട്ടുണ്ട്.