ദുബായ്: എക്സ്പോ 2020 സന്ദർശകർക്കായി പ്രത്യേക സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് RTA

UAE

എമിറേറ്റിലെ ഒമ്പത് ഇടങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശകർക്കായി പ്രത്യേക “എക്സ്പോ റൈഡർ” സൗജന്യ ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പ്രഖ്യാപിച്ചു. “എക്സ്പോ റൈഡർ” എന്ന പേരിൽ 126 പൊതു ബസുകളാണ് RTA വിന്യസിക്കുന്നത്.

ഇതിന് പുറമെ, എക്സ്പോ സന്ദർശകർക്കായി ഹോട്ടലുകളിൽ നിന്ന് നേരിട്ട് എക്സ്പോ 2020 വേദിയിലേക്ക് രണ്ട് റൂട്ടുകൾ ആരംഭിക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം എക്സ്പോ 2020 വേദിയ്ക്കകത്ത് പാർക്കിംഗ് ഏരിയയിൽ നിന്ന് ഗേറ്റുകളിലേക്കും, എക്സ്പോ ഗേറ്റുകൾക്കിടയിലുമായി ബസ് സർവീസുകൾ ഏർപ്പെടുത്തുന്നതാണ്.

ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ നേരിട്ടുള്ള 1956 പ്രതിദിന ട്രിപ്പുകൾ നടത്തുന്ന രീതിയിലാണ് RTA ഈ ബസുകൾ വിന്യസിക്കുന്നത്. വ്യാഴം, വെള്ളി ദിനങ്ങളിൽ പ്രതിദിന ട്രിപ്പുകളുടെ എണ്ണം 2203 നേരിട്ടുള്ള ട്രിപ്പുകളായി ഉയർത്തുന്നതാണ്. തിരക്കനുസരിച്ച് ഓരോ 3 മുതൽ 60 മിനിറ്റ് വരെ ഇടവേളയിൽ ഈ ബസുകൾ സർവീസ് നടത്തുന്നതാണ്.

ദുബായിലെയും, യു എ ഇയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുമായി 203 ബസുകളിൽ എക്സ്പോ 2020 സന്ദർശകർക്ക് അതുല്യവും, സുഗമവുമായ എക്സ്പ്രസ് ട്രാൻസിറ്റ് സേവനം നൽകാൻ അതോറിറ്റി പൂർണ്ണ സജ്ജമാണെന്ന് RTA എക്സിക്യൂട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാൻ മത്താർ മുഹമ്മദ് അൽ തായർ സ്ഥിരീകരിച്ചു. ഈ ബസുകളിൽ ഉയർന്ന സുരക്ഷയും ആഡംബര നിലവാരവും സുഖപ്രദമായ സീറ്റുകളും ഉറപ്പ് വരുത്തിയിട്ടുണ്ട്. യൂറോ 6 ലോ-കാർബൺ എമിഷൻ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുന്ന ഇത്തരം ബസുകൾ പശ്ചിമേഷ്യന്‍ പ്രദേശങ്ങളിൽ ആദ്യമായാണ് ഉപയോഗിക്കുന്നത്.

ദുബായിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള എക്സ്പോ സന്ദർശകർക്കായി പ്രതിദിനം 455 മുതൽ 476 ട്രിപ്പുകൾ വരെ സർവീസ് നടത്തുന്ന 57 ബസുകൾ RTA അനുവദിച്ചിട്ടുണ്ടെന്ന് അൽ തായർ വിശദീകരിച്ചു. ഇതിനായി ഒൻപത് സ്റ്റേഷനുകൾ RTA പ്രഖ്യാപിച്ചിട്ടുണ്ട്:

  • പാം ജുമൈറ – ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രണ്ട് ദിശകളിലേക്കും പ്രതിദിനം 54 ട്രിപ്പുകളും വ്യാഴം, വെള്ളി ദിവസങ്ങളിൽ 57 ട്രിപ്പുകളും ആറ് ബസുകൾ നടത്തും. ഓരോ 15 മിനിറ്റ് കൂടുമ്പോഴും ഈ സർവീസ് ലഭ്യമായിരിക്കും.
  • അൽ ബറാഹ – ശനിയാഴ്ച മുതൽ ബുധൻ വരെ രണ്ട് ദിശകളിലേക്കും പ്രതിദിനം 62 ട്രിപ്പുകളും വ്യാഴം, വെള്ളി ദിവസങ്ങളിൽ 68 ട്രിപ്പുകളും ഏഴ് ബസുകൾ ഓടിക്കും. ഈ റൂട്ടിലെ സേവന ആവൃത്തി 30 മിനിറ്റായിരിക്കും.
  • അൽ ഗുബൈബയാണ് മൂന്നാമത്തെ സ്റ്റേഷൻ – മെട്രോ, പബ്ലിക് ബസുകൾ, മറൈൻ ട്രാൻസ്പോർട്ട്, ടാക്സികൾ എന്നിവയിലേക്കുള്ള വിവിധ മാസ് ട്രാൻസിറ്റ് മോഡുകൾ സംയോജിപ്പിച്ചിരിക്കുന്ന അൽ ഗുബൈബയിൽ നിന്ന് പന്ത്രണ്ട് ബസുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രണ്ട് ദിശകളിലായി 74 ട്രിപ്പുകളും, വ്യാഴം, വെള്ളി ദിവസങ്ങളിൽ 76 പ്രതിദിന ട്രിപ്പുകളും നടത്തും. സേവന ആവൃത്തി 15 മിനിറ്റായിരിക്കും.
  • നാലാമത്തെ സ്റ്റേഷൻ ഗ്രീൻ ലൈനിലെ ഇത്തിസലാത്ത് മെട്രോ സ്റ്റേഷനോട് ചേർന്നുള്ള ഇത്തിസലാത്താണ് – എട്ട് ബസുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രണ്ട് ദിശകളിലും പ്രതിദിനം 70 ട്രിപ്പുകളും വ്യാഴം, വെള്ളി ദിവസങ്ങളിൽ 72 ട്രിപ്പുകളും നടത്തുന്നു.
  • അഞ്ചാമത്തെ സ്റ്റേഷൻ ഗ്ലോബൽ വില്ലേജാണ് – എല്ലാ പ്രവൃത്തി ദിവസങ്ങളിലും മൂന്ന് ബസുകൾ ദിവസവും 10 ട്രിപ്പുകൾ നടത്തും. സേവന ആവൃത്തി 60 മിനിറ്റായിരിക്കും.
  • ആറാമത്തെയും ഏഴാമത്തെയും സ്റ്റേഷനുകൾ ഇന്റർനാഷണൽ സിറ്റി, ദുബായ് സിലിക്കൺ ഒയാസിസ് സ്റ്റേഷൻ എന്നിവയാണ് – രണ്ട് സ്റ്റേഷനുകളിലെയും എട്ട് ബസുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രണ്ട് ദിശകളിലേക്കും ദിവസേന 78 ട്രിപ്പുകളും വ്യാഴം, വെള്ളി ദിവസങ്ങളിൽ 82 ട്രിപ്പുകളും നടത്തും. ആവൃത്തി 15 മിനിറ്റായിരിക്കും.
  • എട്ടാമത്തെ സ്റ്റേഷൻ ദുബായ് മാളാണ് – അവിടെ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ രണ്ട് ദിശകളിലും അഞ്ച് ബസുകൾ പ്രതിദിനം 55 ട്രിപ്പുകളും വ്യാഴം, വെള്ളി ദിവസങ്ങളിൽ 59 ട്രിപ്പുകളും നടത്തും. ആവൃത്തി 30 മിനിറ്റായിരിക്കും.
  • ഒമ്പതാമത്തെ സ്റ്റേഷൻ ദുബായ് ഇന്റർനാഷണൽ എയർപോർട്ടാണ് – ആഴ്ചയിൽ ഏഴ് ദിവസവും എട്ട് ബസുകൾ ഇരു ദിശകളിലേക്കും പ്രതിദിനം 52 ട്രിപ്പുകൾ പൂർത്തിയാക്കും. ആവൃത്തി 20 മിനിറ്റായിരിക്കും.

എക്സ്പോ വേദിക്കുള്ളിൽ സന്ദർശകർക്ക് യാത്രാ സേവനം നൽകുന്നതിനായി രണ്ട് പ്രത്യേക ബസ് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്.

  • ആദ്യത്തേത് കാർ പാർക്കുകളിൽ നിന്ന് മൂന്ന് എക്സ്പോ ഗേറ്റുകളിലേക്ക് (ഓപ്പർച്യൂണിറ്റി, മൊബിലിറ്റി, സസ്റ്റെയിനിബിലിറ്റി) സന്ദർശകരെ എത്തിക്കുന്നതിനുള്ള എക്സ്പോ പാർക്കിംഗ് ഷട്ടിൽ ആണ്. ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ പ്രതിദിനം 1191 ട്രിപ്പുകളും വ്യാഴം, വെള്ളി ദിവസങ്ങളിൽ 1377 ട്രിപ്പുകളും എന്ന രീതിയിൽ, 57 ബസുകൾ ഇതിനായി അനുവദിച്ചിട്ടുണ്ട്. സേവന ആവൃത്തി മൂന്ന് മുതൽ ഏഴ് മിനിറ്റ് വരെയാണ്.
  • എക്‌സ്‌പോ ഗേറ്റുകൾക്കിടയിൽ സന്ദർശകരെ എത്തിക്കുന്നതിനുള്ള രണ്ടാമത്തെ സേവനമാണ് എക്സ്പോ പീപ്പിൾ മൂവർ. പതിനഞ്ച് ബസുകൾ ശനിയാഴ്ച മുതൽ ബുധനാഴ്ച വരെ ദിവസേന 310 ട്രിപ്പുകളും വ്യാഴം, വെള്ളി ദിവസങ്ങളിൽ 350 ട്രിപ്പുകളും നടത്തും. പന്ത്രണ്ട് അധിക റിസർവ് ബസുകളും ഉണ്ട്.

വിവിധ എമിറേറ്റുകളിൽ നിന്നുള്ള സന്ദർശകരെ എക്‌സ്‌പോ വേദിയിലേക്ക് എത്തിക്കുന്നതിനുള്ള പദ്ധതികൾ RTA നേരത്തെ പ്രഖ്യാപിച്ചിരുന്നു. അബുദാബി, അൽ ഐൻ, ഷാർജ, ഫുജൈറ, അജ്മാൻ, റാസൽ ഖൈമ എന്നിവിടങ്ങളിലെ ഒൻപത് സ്ഥലങ്ങളിൽ നിന്ന് ഇത്തരം സേവനം ലഭ്യമാക്കുന്നതാണ്. ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും എഴുപത്തിയേഴ് ബസുകൾ പ്രതിദിനം 193 ട്രിപ്പുകൾ നടത്തും, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ട്രിപ്പുകളുടെ എണ്ണം പ്രതിദിനം 213 ആയി ഉയരും.

WAM