ദുബായ് ക്രീക്കിൽ പുതിയ പാലം നിർമ്മിക്കുന്നതിനുള്ള കരാർ അനുവദിച്ചു

featured GCC News

ദുബായ് ക്രീക്കിന് കുറുകെ എട്ട് വരിയുള്ള ഒരു പുതിയ പാലം നിർമ്മിക്കുന്നതിനുള്ള കരാർ അനുവദിച്ചതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2025 ഏപ്രിൽ 6-നാണ് RTA ഇക്കാര്യം അറിയിച്ചത്.

ദുബായ് ഐലൻഡ്സിനെ ബർ ദുബായിയുമായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണിത്. ഈ പുതിയ പാലം ബർ ദുബായ് മേഖലയിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് സഹായകമാകുന്നതാണ്.

Source: Dubai Media Office.

ഓരോ വശത്തേക്കും നാല് വരികൾ വീതമുള്ള ഈ പാലത്തിന്റെ ആകെ നീളം 1,425 മീറ്ററാണ്. ഏതാണ്ട് 786 മില്യൺ ദിർഹമാണ് ഈ പദ്ധതിയ്ക്കായി വകയിരുത്തിയിരിക്കുന്നത്.

Source: Dubai Media Office.

ഇൻഫിനിറ്റി പാലത്തെ പോർട്ട് റഷീദ് ഡവലപ്മെന്റ് ഏരിയയുമായി ബന്ധിപ്പിക്കുന്ന രീതിയിലാണ് ഈ പാലം ദുബായ് ക്രീക്കിന് കുറുകെ നിർമ്മിക്കുന്നത്. മണിക്കൂറിൽ ഇരുവശത്തേക്കും 16000 വാഹനങ്ങൾക്ക് കടന്ന് പോകാനാകുന്ന രീതിയിലാണ് ഈ പാലത്തിന്റെ നിർമ്മാണം.

Source: Dubai Media Office.

ദുബായ് ക്രീക്കിന്റെ പ്രതലത്തിൽ നിന്ന് 18.5 മീറ്റർ ഉയർന്ന് നിൽക്കുന്ന രീതിയിലാണ് ഈ പാലം നിർമ്മിക്കുന്നത്. ആകെ 75 മീറ്ററാണ് ഈ പാലത്തിന്റെ വീതി.

കാൽനടക്കാർക്കും, സൈക്കിൾ യാത്രികർക്കുമായുള്ള പ്രത്യേക പാതകൾ ഈ പാലത്തിൽ ഉൾപ്പെടുത്തുന്നതാണ്. ദുബായ് ഐലൻഡ്സ്, ബർ ദുബായ് എന്നീ ഭാഗങ്ങളിൽ നിലവിലുള്ള റോഡുകളുമായി ഈ പാലത്തെ ബന്ധിപ്പിക്കുന്നതിനുള്ള ആകെ 2000 മീറ്റർ നീളത്തിലുള്ള പുതിയ റോഡുകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്നതാണ്.