ദുബായ്: മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലും ഇ-ടിക്കറ്റ് സംവിധാനം നിലവിൽ വന്നതായി RTA

GCC News

എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലെയും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. ഇവയിൽ ഓട്ടോമേഷൻ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായും RTA വ്യക്തമാക്കി.

ഇതോടെ എമിറേറ്റിലെ മുഴുവൻ പൊതു പാർക്കിംഗ് മെഷീനുകളിലും ടച്ച് സ്ക്രീൻ സംവിധാനങ്ങളുടെ സഹായത്തോടെ പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങൾ നൽകാനാകുന്നതാണ്. ഇതോടൊപ്പം ‘mParking’ സംവിധാനം ഉപയോഗപ്പെടുത്തിക്കൊണ്ട് മൊബൈൽ ഫോണുകളിലേക്ക് ടെക്‌സ്റ്റ് സന്ദേശത്തിന്റെ രൂപത്തിൽ ഇ-ടിക്കറ്റ് ലഭ്യമാക്കുന്ന സേവനവും പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്.

Source: Dubai RTA.

പേപ്പർ ഒഴിവാക്കുന്നതിന് ഇത്തരം ഇ-ടിക്കറ്റുകൾ സഹായകമാണ്. ദുബായ് നഗരത്തിൽ നടപ്പിലാക്കുന്ന പേപ്പർലെസ് നയത്തിന്റെ ഭാഗമായും, സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുമാണ് ഇത്തരം ഒരു നടപടി. നിലവിൽ എമിറേറ്റിലെ 100 ശതമാനം പാർക്കിംഗ് ടിക്കറ്റുകളും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റിയതായി RTA വ്യക്തമാക്കി.

മൊബൈൽ ഫോണുകളിലൂടെയും, ടെക്‌സ്റ്റ് സന്ദേശങ്ങളിലൂടെയും പാർക്കിംഗ് ഫീസ് അടയ്ക്കുന്നവരുടെ എണ്ണം 80 ശതമാനത്തിലെത്തിയതായി RTA ചൂണ്ടിക്കാട്ടി. ദിനംപ്രതി ഏതാണ്ട് 9000 പേർ വാട്സാപ്പ് സേവനങ്ങളിലൂടെ പാർക്കിംഗ് ഫീസ് അടയ്ക്കുന്നതായും RTA അറിയിച്ചു. RTA ആപ്പിന്റെ ഉപയോഗം പ്രതിദിനം ഇരുപത്തിനായിരം ഇടപാടുകൾ എന്നതിൽ നിന്ന് നാല്പതിനായിരം ഇടപാടുകൾ എന്ന രീതിയിലേക്ക് ഉയർന്നതായും RTA കൂട്ടിച്ചേർത്തു.