ദുബായ്: വാഹന പരിശോധനാസേവനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കുന്നു

featured GCC News

2025 ജൂൺ 2 മുതൽ എമിറേറ്റിൽ വാഹന പരിശോധനാസേവനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് നിർബന്ധമാക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2025 മെയ് 27-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം എമിറേറ്റിലെ ടെക്നിക്കൽ ടെസ്റ്റിംഗ് കേന്ദ്രങ്ങളിൽ നിന്ന് വാഹന പരിശോധനാസേവനങ്ങൾ ലഭിക്കുന്നതിന് മുൻ‌കൂർ ഓൺലൈൻ ബുക്കിംഗ് ആവശ്യമായി വരുന്നതാണ്. ഈ ബുക്കിംഗ് RTA ദുബായ് ആപ്പിലൂടെയും, https://www.rta.ae എന്ന RTA-യുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ലഭ്യമാകുന്നതാണ്.

ഇതിനായി ഈ ആപ്പിലും, വെബ്സൈറ്റിലും വെഹിക്കിൾ ഇൻസ്‌പെക്ഷൻ അപ്പോയ്ന്റ്മെന്റ് ബുക്കിംഗ് സേവനം പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്ന് RTA അറിയിച്ചു. നിലവിൽ താഴെ പറയുന്ന സേവനകേന്ദ്രങ്ങളിൽ ഈ മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണ്:

  • വാസിൽ അൽ അറേബ്യൻ സെന്റർ ആൻഡ് നാദ് അൽ ഹമാർ.
  • ഷാമിൽ അൽ അദീദ്.
  • അൽ മുഹൈസ്‌നഹ് ആൻഡ് നാദ് അൽ ഹമാർ.
  • അൽ മുമായസ് വെഹിക്കിൾ ടെസ്റ്റിംഗ് അൽ മിസാർ.
  • തസ്‌ജീൽ അൽ തവാർ ആൻഡ് അൽ മൻഖൂൽ.

മേൽപ്പറഞ്ഞ കേന്ദ്രങ്ങളിൽ നിന്ന് വാക് ഇൻ അടിസ്ഥാനത്തിലുള്ള വാഹന പരിശോധനാസേവനങ്ങൾ ലഭിക്കുന്നതല്ല. എന്നാൽ മറ്റ് കേന്ദ്രങ്ങളിൽ മുൻ‌കൂർ ബുക്കിംഗ് ഇല്ലാത്തവർക്ക് അധിക ഫീസ് ഇനത്തിൽ 100 ദിർഹം നൽകിക്കൊണ്ട് വാക് ഇൻ അടിസ്ഥാനത്തിലുള്ള വാഹന പരിശോധനാസേവനങ്ങൾ നേടാവുന്നതാണ്.