ദുബായ്: ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികൾ നിരത്തിലിറക്കുന്നതിനുള്ള പദ്ധതിയുടെ പരീക്ഷണം പുരോഗമിക്കുന്നതായി RTA

featured UAE

എമിറേറ്റിലെ റോഡുകളിൽ ഡ്രൈവർ ഇല്ലാതെ സ്വയം സഞ്ചരിക്കുന്ന ടാക്സികൾ ഉപയോഗിച്ച് യാത്രാസേവനം നൽകുന്ന പദ്ധതിയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ നടക്കുന്നതായും, ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യയുടെ പരീക്ഷണം പുരോഗമിക്കുന്നതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 ഏപ്രിൽ 5-ന് വൈകീട്ടാണ് RTA ഇക്കാര്യം അറിയിച്ചത്.

സെൽഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ക്രൂയിസ് എന്ന പേരിലുള്ള ഒരു സ്ഥാപനവുമായി ചേർന്നാണ് RTA ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി, ദുബായിലെ സിഗ്നലുകളിൽ ഇത്തരം വാഹനങ്ങൾ പ്രവർത്തിക്കുന്നത് പരീക്ഷിക്കുന്നതിനും, മറ്റു വാഹനങ്ങളുടെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് രീതികൾ വിശകലനം ചെയ്യുന്നതിനും, മറ്റു വിവരങ്ങൾ ശേഖരിക്കുന്നതിനും ലക്ഷ്യമിട്ട് RTA-യും, ക്രൂയിസും ചേർന്ന് ജുമേയ്‌റ 1 മേഖലയിൽ അഞ്ച് ‘ഷെവി ബോൾട്ട്’ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുന്നത് ആരംഭിച്ചിട്ടുണ്ട്.

ഈ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ഏറ്റവും പ്രാധാന്യമേറിയ ഒരു ഘട്ടമാണ് ഈ പരീക്ഷണമെന്ന് RTA പബ്ലിക് ട്രാൻസ്‌പോർട്ട് ഏജൻസി സി ഇ ഓ അഹ്‌മദ്‌ ഹാഷിം ബഹ്റോസ്യാൻ വ്യക്തമാക്കി. ദുബായിലെ ഡ്രൈവിംഗ് സാഹചര്യവുമായി ഇത്തരം വാഹനങ്ങൾ പൂർണ്ണമായും, സുരക്ഷിതമായും ഇണങ്ങുന്നുണ്ടെന്ന് നിർമ്മിതബുദ്ധിയുടെ സഹായത്തോടെ ഉറപ്പ് വരുത്തുന്നതിന് ഈ ഘട്ടം ഏറെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Source: Dubai Media Office.

ജുമേയ്‌റ 1 മേഖലയിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓടുന്ന ഈ അഞ്ച് സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള റഡാറുകൾ, ലിഡാറുകൾ (ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ്ങ് സെൻസർ), ക്യാമറകൾ എന്നിവ ഉപയോഗിച്ചാണ് വാഹനത്തിന്റെ 360-ഡിഗ്രി മേഖലയിലുള്ള വിവരങ്ങളും, ദൃശ്യങ്ങളും ശേഖരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

2030-ഓടെ ദുബായിൽ ടാക്സി സേവനങ്ങൾക്കായി നാലായിരത്തോളം സ്വയം സഞ്ചരിക്കുന്ന വാഹനങ്ങൾ ഏർപ്പെടുത്തുന്നതിനാണ് RTA ലക്ഷ്യമിടുന്നത്. ട്രാഫിക് തിരക്ക് കുറയ്ക്കുന്നതിനും, ട്രാഫിക് അപകടങ്ങളുടെ തോത് കുറയ്ക്കുന്നതിനും, അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്ന വാതകങ്ങളുടെ പ്രസാരണം കുറയ്ക്കുന്നതിനും ഇതിലൂടെ RTA ലക്ഷ്യമിടുന്നു.

Cover Image: Dubai Media Office.