ദുബായ്: ടാക്സി സേവനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനുള്ള നടപടികളുമായി RTA

featured GCC News

എമിറേറ്റിലെ ടാക്സി സേവനങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനുള്ള ഏതാനം നൂതന മാർഗങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 നവംബർ 18-നാണ് RTA ഇക്കാര്യം അറിയിച്ചത്.

യാത്രികരുടെ ടാക്സി സേവന അനുഭവങ്ങൾ കൂടുതൽ മികച്ചതാക്കുന്നതിനും, യാത്രികർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും, സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പ് വരുത്തുന്നതിനും ലക്ഷ്യമിട്ടാണ് RTA ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി താഴെ പറയുന്ന തീരുമാനങ്ങളാണ് RTA അറിയിച്ചിരിക്കുന്നത്:

  • ടാക്സി വാഹനങ്ങൾക്കുള്ളിൽ പുകവലി തടയുന്നത് ലക്ഷ്യമിട്ടുള്ള ഒരു എ ഐ ക്യാമറ സംവിധാനം സ്ഥാപിക്കുന്നതാണ്. നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഈ കാമറ സംവിധാനം ടാക്സി കാറുകൾക്കകത്തുള്ള പുകവലി നിരീക്ഷിക്കുന്നതിന് സഹായിക്കുന്നു. യാത്രികർക്ക് കൂടുതൽ ആരോഗ്യപ്രദവും, ഹൃദ്യമായതുമായ ടാക്സി അന്തരീക്ഷം ഉറപ്പ് വരുത്തുന്നതിനാണിത്.
  • അഞ്ഞൂറിൽ പരം എയർപോർട്ട് ടാക്സി വാഹനങ്ങളിൽ അത്യധികം ഉയർന്ന നിലവാരത്തിലുള്ള എയർ ഫ്രഷ്‌നർ സംവിധാനങ്ങൾ സ്ഥാപിക്കുന്നതാണ്.
  • ടാക്സി വാഹനങ്ങളുടെ ശുചിത്വം ഉറപ്പാക്കുന്നതിനായി ദുബായിലുടനീളം കർശനമായ പരിശോധനാ നടപടികൾ നടപ്പിലാക്കും.
  • കസ്റ്റമർ കെയർ, വാഹന ശുചിത്വം തുടങ്ങിയ മേഖലകളിൽ ടാക്സി ഡ്രൈവർമാർക്കായി പ്രത്യേക പരിശീലന പരിപാടികൾ സംഘടിപ്പിക്കും.