എമിറേറ്റിൽ പുതിയ രണ്ട് മറൈൻ ട്രാൻസ്‌പോർട്ട് സർവീസുകൾ ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. എമിറേറ്റിലെ പാർപ്പിട മേഖലകളെയും, കടലിന് അഭിമുഖമായി പണിയുന്ന വികസന പദ്ധതികളെയും പൊതുഗതാഗത സംവിധാനങ്ങൾ കൊണ്ട് ബന്ധിപ്പിക്കുന്നത് ലക്ഷ്യമിടുന്ന 2020-2030 മറൈൻ ട്രാൻസ്‌പോർട്ട് മാസ്റ്റർ പ്ലാനിന്റെ കീഴിലാണ് ഈ സർവീസുകൾ നടത്തുന്നത്.
ദുബായിൽ താഴെ പറയുന്ന പുതിയ ജലഗതാഗത സർവീസുകളാണ് RTA ആരംഭിച്ചിരിക്കുന്നത്:
- ബ്ലൂവാട്ടേഴ്സ് ഐലൻഡ്, മറീന എന്നീ വിനോദകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതാണ് ഇതിൽ ഒരു സർവീസ്. തിങ്കൾ മുതൽ വെള്ളി വരെ വൈകീട്ട് 4:50 മുതൽ രാത്രി 11:25 വരെ. ശനി, ഞായർ ദിനങ്ങളിൽ വൈകീട്ട് 4:10 മുതൽ രാത്രി 11:45 വരെ. അഞ്ച് ദിർഹമാണ് ഈ സർവീസിന് ഈടാക്കുന്നത്.
- ദുബായ് ക്രീക്ക് മറീനയിലെ റെസിഡൻഷ്യൽ മേഖലകളെ ദുബായ് ഫെസ്റ്റിവൽ സിറ്റിയുമായി ബന്ധിപ്പിക്കുന്നതിനാണ് രണ്ടാമത്തെ സർവീസ്. ശനി, ഞായർ ദിനങ്ങളിൽ മാത്രമുള്ള ഈ സർവീസ് വൈകീട്ട് 4:00 മുതൽ രാത്രി 11:55 വരെ പ്രവർത്തിക്കുന്നതാണ്. 2 ദിർഹമാണ് യാത്രാ ചാർജ്ജ്.