ദുബായ്: ബസ് പൂളിങ് സേവനവുമായി RTA

featured GCC News

യാത്രികർക്ക് മിനിബസ് യാത്രകൾ പങ്ക് വെക്കാൻ സൗകര്യമൊരുക്കുന്ന ഒരു ബസ് പൂളിങ് സേവനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഡിസംബർ 18-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

സ്മാർട്ട് ആപ്പ് ഉപയോഗിച്ച് കൊണ്ട് മിനിബസ് റൈഡുകൾ ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം നൽകുന്ന രീതിയിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്കും, നിവാസികൾക്കും കൂടുതൽ മെച്ചപ്പെട്ട യാത്രാ സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

പൊതുഗതാഗത മേഖലയിൽ പ്രവർത്തനപരിചയമുള്ള മൂന്ന് കമ്പനികളുമായി ചേർന്നാണ് RTA ഈ സേവനം നൽകുന്നത്. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കഴിയുന്നതും കുറക്കുന്നതിനും, പൊതുഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും RTA ഇതിലൂടെ ലക്ഷ്യമിടുന്നു.

പൊതുഗതാഗതത്തിനുള്ള ബസുകളുടേതു പോലെ ഒരു നിശ്ചിത റൂട്ടിലല്ല ഇത്തരം ബസ് പൂളിങ് മിനിബസുകൾ യാത്രാസേവനങ്ങൾ നല്കുന്നതെന്നതാണ് ഇതിന്റെ പ്രത്യേകത. ദെയ്‌റയിൽ നിന്ന് ബിസിനസ് ബേ, ദുബായ് മാൾ, മിർദിഫ്, ദുബായ് ഫെസ്റ്റിവൽ സിറ്റി തുടങ്ങിയ മേഖലകളെ ബന്ധിപ്പിച്ച് കൊണ്ടായിരിക്കും ആദ്യ ഘട്ടത്തിൽ RTA ഈ ബസ് പൂളിങ് സേവനം നൽകുന്നത്.

പടിപടിയായി ഈ സേവനം എമിറേറ്റിലെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. ‘Citylink Shuttle’, ‘DrivenBus’, ‘Fluxx Daily’ എന്നീ സ്ഥാപനങ്ങളുടെ സ്മാർട്ട് ആപ്പ് സംവിധാനങ്ങളിലൂടെയാണ് RTA ഈ ഓൺ-ഡിമാൻഡ് മിനി ബസ് ബുക്കിംഗ് സേവനങ്ങൾ നൽകുന്നത്.

ഇത്തരം ബസുകളിൽ 13 മുതൽ 30 യാത്രികർക്ക് വരെ സഞ്ചരിക്കാവുന്നതാണ്. യാത്രികരുടെ എണ്ണം, സഞ്ചരിക്കുന്ന ദൂരം എന്നിവ കണക്കാക്കിയായിരിക്കും ബസ് നിരക്കുകൾ.