ദുബായ്: എത്തിസലാത് മെട്രോ സ്റ്റേഷന് സമീപം RTA പുതിയ മിനി ബസ് ഡിപ്പോ ആരംഭിച്ചു

UAE

2021 ജൂലൈ 5 മുതൽ, ദുബായ് മെട്രോ ഗ്രീൻ ലൈനിൽ, എത്തിസലാത് മെട്രോ സ്റ്റേഷന് സമീപം പുതിയ മിനി ബസ് ഡിപ്പോ പ്രവർത്തനം ആരംഭിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. പൊതുഗതാഗത ബസ് സംവിധാനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് ഈ നടപടി സഹായകമാണെന്ന് RTA വ്യക്തമാക്കി.

ഈ ബസ് ഡിപ്പോയിൽ F07, 367 എന്നീ റൂട്ടുകളിലെ ബസുകൾ നിർത്തിയിടുന്നതാണ്. ഈ ബസുകളെ അൽ ആവിർ, അൽ ഖവാനീജ്, അൽ റുവായഹ് എന്നിവിടങ്ങളിലെ ബസ് ഡിപ്പോകളിലേക്ക് അയക്കുന്നതിന് പകരമായാണ് ഈ പുതിയ മിനി ബസ് ഡിപ്പോയിലേക്ക് വഴിതിരിച്ച് വിടുന്നത്. അനാവശ്യ യാത്രകൾ ഒഴിവാകുന്നതോടെ ഈ റൂട്ടുകളിലോടുന്ന ബസുകളുടെ ദൂരം കുറയുമെന്നും, ഇത് ഈ റൂട്ടുകളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുമെന്നും RTA അറിയിച്ചു.

F07 റൂട്ട് എത്തിസലാത് മെട്രോ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് അൽ ഖുസൈസിലെ തൊഴിലാളികളുടെ താമസയിടങ്ങളിലേക്കും, 367 റൂട്ട് എത്തിസലാത് മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് സിലിക്കൺ ഒയാസിസ്‌ ഹൈ ബേ മേഖലയിലേക്കുമാണ് സർവീസ് നടത്തുന്നത്. തിരക്ക് കുറവുള്ള രാവിലെ 10 മുതൽ വൈകീട്ട് 4 മണിവരെയുള്ള സമയങ്ങളിൽ ഓരോ 30 മിനിറ്റ് ഇടവേളകളിലും സർവീസ് നടത്തുന്ന രീതിയിൽ F19A, F19B എന്നീ രണ്ട് മെട്രോ ഫീഡർ സർവീസുകൾ ആരംഭിക്കുന്നതായും RTA അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ, മെട്രോ ഗ്രീൻ ലൈനിന്റെ രാവിലെ 5 മണിമുതലുള്ള പ്രവർത്തനസമയങ്ങളിൽ കൂടുതൽ ബസ് സർവീസുകൾ ഉറപ്പാക്കുന്ന രീതിയിൽ F24, F07, F18, F22 എന്നീ റൂട്ടുകളുടെ സമയക്രമങ്ങളിൽ മാറ്റം വരുത്തുമെന്നും RTA അറിയിച്ചു.