ദുബായ്: പുതിയ സ്മാർട്ട് കിയോസ്കുകൾ അവതരിപ്പിച്ച് RTA

GCC News

എമിറേറ്റിലെ 21 ഇടങ്ങളിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പുത്തൻ തലമുറയിൽപ്പെട്ട സ്മാർട്ട് കിയോസ്കുകൾ അവതരിപ്പിച്ചു. നൂതന സാങ്കേതികവിദ്യകളടങ്ങിയ ഇത്തരം 32 സ്മാർട്ട് കിയോസ്കുകളാണ് RTA സ്ഥാപിച്ചിരിക്കുന്നത്.

പൊതുജനങ്ങൾക്ക് 24 മണിക്കൂറും 28 വ്യത്യസ്ത ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടാണ് RTA ഈ പുതിയ സ്മാർട്ട് കിയോസ്കുകൾ അവതരിപ്പിച്ചിരിക്കുന്നത്.

നിശ്ചയദാർഢ്യ വിഭാഗത്തിലുള്ളവർ ഉൾപ്പടെ എല്ലാവർക്കും എളുപ്പത്തിൽ ഉപയോഗിക്കാവുന്ന രീതിയിലാണ് ഈ പുതിയ സ്മാർട്ട് കിയോസ്കുകൾ നിർമ്മിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച സേവനങ്ങൾ ഒരുക്കുന്നതിനായുള്ള RTA നയത്തിന്റെ ഭാഗമായാണിത്.

RTA-യുടെ പ്രധാന കെട്ടിടം, കസ്റ്റമർ ഹാപ്പിനസ് കേന്ദ്രങ്ങൾ, പ്രധാന സേവനകേന്ദ്രങ്ങൾ, മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങൾ എന്നിവ ഉൾപ്പടെ ദുബായിലെ 21 ഇടങ്ങളിലാണ് ഈ കിയോസ്കുകൾ സ്ഥാപിച്ചിരിക്കുന്നത്. വാഹന ലൈസൻസ്, ഡ്രൈവർ ലൈസൻസ് പാർക്കിംഗ്, നോൾ തുടങ്ങി 28 വ്യത്യസ്ഥ ഡിജിറ്റൽ സേവനങ്ങളാണ് ഈ കിയോസ്കുകളിലൂടെ ലഭ്യമാക്കുന്നത്.

ഈ കിയോസ്കുകളിൽ കറൻസി നോട്ടുകൾ, ക്രെഡിറ്റ് കാർഡ്, സ്മാർട്ട്ഫോണുകളിലെ NFC സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മാർഗങ്ങളിലൂടെ പണമിടപാട് നടത്താവുന്നതാണ്.

Cover Image: Dubai Media Office.