ദുബായ്: 636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള 1.1 ബില്യൺ ദിർഹത്തിന്റെ കരാറിൽ RTA ഒപ്പ് വെച്ചു

featured GCC News

636 പുതിയ ബസുകൾ വാങ്ങുന്നതിനുള്ള 1.1 ബില്യൺ ദിർഹത്തിന്റെ കരാറിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) ഒപ്പ് വെച്ചു. 2024 ജൂലൈ 21-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

പൊതുഗതാഗത മേഖലയിൽ ഉപയോഗിക്കുന്നതിനായി വിവിധ തരത്തിലുള്ള ബസുകൾ വാങ്ങുന്നതിനാണ് ഈ കരാർ. ഇതിൽ 40 ഇലക്ട്രിക് ബസുകൾ ഉൾപ്പെടുന്നതായി RTA അറിയിച്ചിട്ടുണ്ട്.

കാർബൺ ബഹിർഗമനം തീരെ കുറഞ്ഞ യൂറോ 6 മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് ഈ ബസുകൾ. ഈ ബസുകൾ 2024-ലും 2025-ലുമായി RTA-യ്ക്ക് ലഭിക്കുന്നതാണ്.

2030-ഓടെ എമിറേറ്റിലെ പൊതുഗതാഗത മേഖല ഉപയോഗിക്കുന്നവരുടെ എണ്ണം 25 ശതമാനം ഉയർത്തുന്നത് ലക്ഷ്യമിട്ട് RTA നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ചെയർമാൻ H.E. മത്തർ അൽ തയർ അറിയിച്ചു.