വരും വർഷങ്ങളിൽ എമിറേറ്റിലെ 80 ശതമാനത്തോളം ടാക്സി സേവനങ്ങൾ പടിപടിയായി ഇ-ഹൈൽ സർവീസിലേക്ക് മാറ്റുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2023 മാർച്ച് 19-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഹലാ ഇ-ഹൈൽ സർവീസിന്റെ മികച്ച വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. 2022-ൽ ദുബായിൽ ആകെ നൽകിയ ടാക്സി സേവനങ്ങളിൽ 30 ശതമാനവും ഹലാ ഇ-ഹെയ്ലിംഗ് സർവീസിലൂടെയായിരുന്നെന്ന് RTA ചൂണ്ടിക്കാട്ടി.
“സാധാരണ രീതിയിലുള്ള സ്ട്രീറ്റ്-ഹൈൽ ടാക്സി സേവനങ്ങളിൽ നിന്ന് ഇ-ഹൈൽ സേവനരീതിയിലേക്ക് പടിപടിയായി മാറുന്നതിനുള്ള തീരുമാനം ദുബായ് നഗരത്തെ ലോകത്തെ ഏറ്റവും സ്മാർട്ട് നഗരമാക്കിത്തീർക്കുക എന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമാണ്.”, ഇത് സംബന്ധിച്ച് RTA ഡയറക്ടർ ജനറൽ H.E. മത്തർ അൽ തയർ വ്യക്തമാക്കി. പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, സ്വകാര്യ കാറുകളുടെ ഉപയോഗം കുറയ്ക്കുക, സന്ദർശകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ ലഭ്യമാക്കുക, ഉപഭോക്താക്കളുടെ സന്തോഷം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ സാധൂകരിക്കുന്നതാണ് ഈ തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
എമിറേറ്റിലെ ടാക്സി സേവന മേഖലയിൽ ഏറ്റവും കാര്യക്ഷമമമായ സർവീസാണ് ഇ-ഹെയ്ലിംഗ് എന്ന് തെളിഞ്ഞതായും അദ്ദേഹം അറിയിച്ചു. സാധാരണ രീതിയിൽ റോഡിൽ നിന്ന് ഒരു ടാക്സി കണ്ടെത്തുന്നതിന് പകരം ഇലക്ട്രോണിക് സംവിധാനങ്ങളിലൂടെ ടാക്സി റൈഡുകൾ കണ്ടെത്തുന്നതിനും, ബുക്ക് ചെയ്യുന്നതിനും അവസരം നൽകുന്ന ഇ-ഹൈൽ സേവനങ്ങൾ കൂടുതൽ ഫലപ്രദവും, ഉപഭോക്താക്കൾക്ക് ഏറെ സമയലാഭം നല്കുന്നതുമാണെന്ന് അദ്ദേഹം അറിയിച്ചു.
ഇ-ഹൈൽ സേവനങ്ങളിലൂടെ ടാക്സി കാറുകൾ ഉപഭോക്താക്കളെ തേടി അനാവശ്യമായി സഞ്ചരിക്കുന്നത് കുറയ്ക്കാനും, അതിലൂടെ ഇന്ധനം പാഴാകുന്നത് ഒഴിവാക്കാനും, മലിനീകരണ തോത് കുറയ്ക്കാനും സാധിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം സംവിധാനങ്ങളിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന ആപ്പിലൂടെയുള്ള പേയ്മെന്റ് സേവനങ്ങൾ, ട്രിപ്പ് ഷെയറിംഗ് സേവനങ്ങൾ, ഏറ്റവും ഫലപ്രദമായ റൂട്ട് തിരഞ്ഞെടുക്കുന്നതിനുള്ള സൗകര്യം, വാഹനത്തിന്റെയും, ഡ്രൈവറുടെയും വിവരങ്ങൾ അറിയാൻ കഴിയുന്ന സൗകര്യം മുതലായവ ഇത്തരം സേവനങ്ങളെ ഉപഭോക്താക്കൾക്കിടയിൽ ഏറെ പ്രിയങ്കരമാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഉപഭോക്താക്കൾക്ക് കരീം ആപ്പിലൂടെ ഹലാ ടാക്സി വാഹനങ്ങളുടെ സേവനങ്ങൾ ലഭ്യമാകുന്നതാണ്.
Cover Image: Dubai Media Office.