വിനോദസഞ്ചാരികൾക്ക് എമിറേറ്റിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് സുഗമമായ യാത്രാ സേവനങ്ങൾ നൽകുന്നതിനായുള്ള ഒരു പ്രത്യേക ബസ് സർവീസ് അടുത്ത് തന്നെ ആരംഭിക്കുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (RTA) അറിയിച്ചു. 2024 ഓഗസ്റ്റ് 5-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ദുബായിലെ എട്ട് പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്ന രീതിയിലായിരിക്കും ഈ ബസ് സർവീസ്. ‘On & Off Bus’ എന്ന ഈ സേവനം 2024 സെപ്റ്റംബർ മുതൽ ആരംഭിക്കുമെന്ന് RTA അറിയിച്ചിട്ടുണ്ട്.
ദുബായ് മാൾ, ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലജ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ഗോൾഡ് സൂഖ്, ലാ മെർ ബീച്ച്, ജുമേയ്റ മോസ്ക്, സിറ്റി വാക് എന്നിവിടങ്ങളിലേക്കാണ് ഈ ബസ് സർവീസ് നടത്തുക. ഇവയ്ക്ക് പുറമെ മറ്റു പൊതുഗതാഗത സംവിധാനങ്ങളെ ഈ ബസ് സർവീസുമായി സംയോജിപ്പിക്കുന്നതിനായി അൽ ഗുബൈബ മെട്രോ സ്റ്റേഷൻ, അൽ ഗുബൈബ ബസ് സ്റ്റേഷൻ, അൽ ഗുബൈബ മറൈൻ സ്റ്റേഷൻ എന്നിവിടങ്ങളിലും ഈ ബസ് നിർത്തുന്നതാണ്.
ദുബായ് മാളിൽ നിന്ന് സർവീസ് ആരംഭിക്കുന്ന രീതിയിലായിരിക്കും ‘On & Off Bus’ സർവീസ് നടത്തുന്നത്. രാവിലെ 10 മണിമുതൽ രാത്രി 10 മണിവരെയുള്ള സമയങ്ങളിൽ ഓരോ മണിക്കൂർ ഇടവേളയിലും ഒരു സർവീസ് എന്ന രീതിയിലായിരിക്കും ഇത് പ്രവർത്തിക്കുക.
ആകെ രണ്ട് മണിക്കൂറാണ് യാത്രാ സമയം. 35 ദിർഹമാണ് ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റിന് ഒരു ദിവസം മുഴുവൻ സാധുതയുണ്ടായിരിക്കുന്നതാണ്.
Cover Image: Dubai RTA.