എമിറേറ്റിലെ പൊതു പാർക്കിംഗ് ഇടങ്ങൾ ഞായറാഴ്ച്ച തോറും സൗജന്യമാക്കാൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു. 2022 മാർച്ച് 28-നാണ് RTA ഇക്കാര്യം അറിയിച്ചത്.
ഈ രീതി ഈ വാരാന്ത്യം മുതൽ പ്രാബല്യത്തിൽ വരുമെന്ന് RTA അറിയിച്ചിട്ടുണ്ട്. നിലവിൽ വെള്ളിയാഴ്ച്ചകളിൽ പാർക്കിംഗ് സൗജന്യമാക്കിയിട്ടുള്ള രീതിയിൽ മാറ്റം വരുത്തിക്കൊണ്ടാണ് RTA ഇത് നടപ്പിലാക്കുന്നത്. ഇതോടെ വെള്ളിയാഴ്ച്ചകളിൽ പാർക്കിംഗ് ഫീസ് ഈടാക്കുന്നതാണ്.
ഈ തീരുമാനം നടപ്പിലാക്കുന്നതിനായി ദുബായിലെ പൊതുപാർക്കിങ്ങുമായി ബന്ധപ്പെട്ട 2016-ലെ നിയമവ്യവസ്ഥകളിൽ ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഭേദഗതികൾ വരുത്തിയിട്ടുണ്ട്. 2022/ 18 എന്ന പുതിയ എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനം ഇതുമായി ബന്ധപ്പെട്ട് മാർച്ച് 28-ന് പുറത്തിറക്കിയിട്ടുണ്ട്.
ഈ ഭേദഗതി പ്രകാരം, ഞായറാഴ്ച്ചകളിലും, പൊതുഅവധി ദിനങ്ങളിലും ഒഴികെ ദിനവും രാവിലെ 8 മണിമുതൽ രാത്രി 10 മണിവരെ, പ്രതിദിനം 14 മണിക്കൂർ എന്ന രീതിയിൽ പാർക്കിംഗ് ഫീസ് ഇടാക്കുന്നതാണ്.