ദുബായ്: സൂക്ക് അൽ മർഫയിലേക്ക് ഒരു പുതിയ ബസ് റൂട്ട് ആരംഭിക്കുന്നതായി RTA

UAE

2021 സെപ്റ്റംബർ 9 മുതൽ ദെയ്‌റ ഐലൻഡ്‌സിലെ സൂക്ക് അൽ മർഫയിലേക്ക് ഒരു പുതിയ ബസ് റൂട്ട് ആരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു. ഇതോടൊപ്പം നിലവിലുള്ള മൂന്ന് ബസ് റൂട്ടുകളിലെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും RTA അറിയിച്ചിട്ടുണ്ട്.

പൊതു ഗതാഗത ബസ് സർവീസ് ശൃംഖല വിപുലീകരിക്കുന്നതിനും, പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ മികച്ച രീതിയിൽ സംയോജിപ്പിക്കുന്നതും ലക്ഷ്യമിട്ടാണ് RTA ഈ തീരുമാനം നടപ്പിലാക്കുന്നത്. 2021 സെപ്റ്റംബർ 9 മുതൽ ബസ് സർവീസുകളുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് RTA നടപ്പിലാക്കുന്നത്:

  • SM1 എന്ന പേരിട്ടിട്ടുള്ള പുതിയ റൂട്ട് ഗോൾഡ് സൂക്ക് ബസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് അൽ ഖലീജ് സ്ട്രീറ്റിലൂടെ ദെയ്‌റ ഐലൻഡ്‌സിലെ സൂക്ക് അൽ മർഫയിലേക്ക് സർവീസ് നടത്തുന്നതാണ്. ഓരോ അറുപത് മിനിറ്റിലും ഒരു സർവീസ് എന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നത്.
  • റൂട്ട് 14 – ഈ റൂട്ട് ബിസിനസ് ബേ ബസ് സ്റ്റേഷന്റെ കടൽകരയ്ക്കരികിലെ മേഖലയിൽ സേവനം നൽകുന്നതിനായി അൽ സഫ സ്റ്റോപ്പിനരികിലൂടെ വഴിതിരിച്ച് വിടുന്നതാണ്.
  • റൂട്ട് F51 – കൂടുതൽ ജനവാസകേന്ദ്രങ്ങളിലൂടെ സേവനം നൽകുന്നതിനായി ഈ റൂട്ട് ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് മെട്രോ സ്റ്റേഷനരികിലൂടെ വഴിതിരിച്ച് വിടുന്നതാണ്.
  • റൂട്ട് F55 – കൂടുതൽ ജനവാസകേന്ദ്രങ്ങളിലൂടെ സേവനം നൽകുന്നതിനായി ഈ റൂട്ടിൽ എമാർ സൗത്തിൽ മാറ്റം വരുത്തുന്നതാണ്.
  • ഇതിന് പുറമെ, 5, 14, 88, 310, X64, F51, F46, F27, F12, DPR1, C28 എന്നീ റൂട്ടുകളുടെ സമയക്രമങ്ങൾ കൂടുതൽ മികച്ച രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
ദെയ്‌റ ഐലൻഡ്‌സിലെ സൂക്ക് അൽ മർഫയിലേക്ക് സർവീസ് നടത്തുന്ന റൂട്ട് SM1. Source: RTA.