എക്സ്പോ 2020: ദുബായ് ഭരണാധികാരി കിർഗിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു

UAE

യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എക്സ്പോ 2020 ദുബായ് വേദിയിലൂടെയുള്ള പര്യടനത്തിന്റെ ഭാഗമായി കിർഗിസ്ഥാൻ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശിച്ചു. 2021 ഡിസംബർ 13-നാണ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ഈ പവലിയനുകൾ സന്ദർശിച്ചത്.

എക്സ്പോ വേദിയിലെ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന കിർഗിസ്ഥാൻ പവലിയനിലെത്തിയ അദ്ദേഹം കിർഗിസ്ഥാൻ ക്യാബിനറ്റ് ചെയർമാൻ അക്യൽബെക് ജപറോവുമായി കൂടിക്കാഴ്ച്ച നടത്തി.

Source: Dubai Media Office.

കിർഗിസ്ഥാൻ സംസ്കാരത്തെയും, രാജ്യത്തിന്റെ ഭാവി ദർശനങ്ങളെക്കുറിച്ചും അടുത്തറിയുന്നതിന് പവലിയൻ ഏറെ സഹായകമാണെന്ന് സന്ദർശനവേളയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അഭിപ്രായപ്പെട്ടു.

Source: Dubai Media Office.

ആരോഗ്യപരിചരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാക്കുന്നതിനെക്കുറിച്ച് അദ്ദേഹം ജപറോവുമായി ചർച്ച ചെയ്തു.

എക്സ്പോ 2020 പര്യടനത്തിന്റെ ഭാഗമായി അദ്ദേഹം എക്സ്പോ വേദിയിലെ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പവലിയനും സന്ദർശിച്ചു. സസ്‌റ്റൈനബിലിറ്റി ഡിസ്ട്രിക്റ്റിൽ സ്ഥിതി ചെയ്യുന്ന ഈ പവലിയനിലെത്തിയ അദ്ദേഹം സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് പ്രെസിഡെന്റ് ഫൗസ്റ്റീൻ അർകൗഞജ് ടൂഡ്രായുമായി കൂടിക്കാഴ്ച്ച നടത്തി.

Source: Dubai Media Office.

സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ ടൂറിസം സാധ്യതകൾ, ടൂറിസം മേഖലയുടെ വികസനത്തിനായുള്ള പരിശ്രമങ്ങൾ എന്നിവ ഈ പവലിയനിലെത്തുന്ന സന്ദർശകർക്ക് ദർശിക്കാവുന്നതാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിന്റെ പ്രധാന വരുമാന സ്രോതസ്സുകളിലൊന്നാണ് ടൂറിസം.

വനനശീകരണം തടയുന്നതിനും, രാജ്യത്തെ മൃഗസമ്പത്തിന്റെ സംരക്ഷണത്തിനുമായി സാങ്കേതിക വിദ്യകൾ എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതും ഈ പവലിയൻ എടുത്ത് കാട്ടുന്നു. രത്നങ്ങൾ ഉൾപ്പടെ രാജ്യത്തിന്റെ പ്രധാന പ്രകൃതിവിഭവങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ പവലിയനിലെത്തുന്നവർക്ക് മനസ്സിലാക്കാവുന്നതാണ്.

WAM